യുഎസ് :അമേരിക്കയിലെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് നടത്തുന്ന കുടിയേറ്റ വിരുദ്ധ റെയ്ഡുകളെ എങ്ങനെ പ്രതിരോധിക്കണം എന്നതിനെക്കുറിച്ച് കാലിഫോർണിയയിലെ ഓൾ സെയിന്റ്സ് ചർച്ച് സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ വൻ ജനപങ്കാളിത്തം. പസഡീനയിലെ എപ്പിസ്കോപ്പൽ സഭയായ ഇവിടെ തിങ്കളാഴ്ച നടന്ന ‘കമ്മ്യൂണിറ്റി പട്രോളിംഗ് ട്രെയിനിംഗിൽ’ എണ്ണൂറോളം പേരാണ് പങ്കെടുത്തത്. കമ്മ്യൂണിറ്റി സെൽഫ് ഡിഫൻസ് കോയലിഷൻ എന്ന ആക്ടിവിസ്റ്റ് ശൃംഖലയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. ഐ.സി.ഇ റെയ്ഡുകളിൽ നിന്ന് അയൽക്കാരെയും സമൂഹത്തെയും എങ്ങനെ സംരക്ഷിക്കണം എന്നതായിരുന്നു പരിശീലനത്തിന്റെ പ്രധാന വിഷയം.
പരമാവധി 150 പേരെ മാത്രം പ്രതീക്ഷിച്ചിരുന്ന സംഘാടകരെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് എണ്ണൂറോളം പേർ ചടങ്ങിലെത്തിയത്. തിരക്ക് വർദ്ധിച്ചതോടെ ചെറിയ ഹാളിൽ നിശ്ചയിച്ചിരുന്ന പരിപാടി പള്ളിയുടെ പ്രധാന ഹാളിലേക്ക് മാറ്റേണ്ടി വന്നു. “തങ്ങളുടെ അയൽക്കാരോടുള്ള സ്നേഹത്തിന്റെ അടയാളമായാണ് ഇത്രയധികം ആളുകൾ എത്തിയത്,” എന്ന് ഓൾ സെയിന്റ്സ് ചർച്ചിലെ അസോസിയേറ്റ് റെക്ടർ റവ. മാർക്ക് ചേസ് പറഞ്ഞു. റെയ്ഡുകളെ ഭയന്ന് സാധാരണ കാര്യങ്ങൾക്കായി പോലും പുറത്തിറങ്ങാൻ മടിക്കുന്നവരെ സഹായിക്കേണ്ടത് ക്രിസ്തീയ ധർമ്മമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘നിന്റെ ദൈവത്തെ സ്നേഹിക്കുകയും നിന്റെ അയൽക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുകയും ചെയ്യുക’ എന്ന യേശുവിന്റെ കല്പന പ്രാവർത്തികമാക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് സഭാ അധികൃതർ വ്യക്തമാക്കി. ഭയത്തിൽ കഴിയുന്ന സമൂഹത്തെ സുരക്ഷിതരാക്കാൻ തെരുവുകളിൽ എങ്ങനെ പട്രോളിംഗ് നടത്താം എന്നതിനെക്കുറിച്ച് വിദഗ്ധർ ക്ലാസുകളെടുത്തു. കുടിയേറ്റ വിഷയത്തിൽ അമേരിക്കയിൽ ചർച്ചകൾ കൊഴുക്കുന്ന സാഹചര്യത്തിൽ സഭയുടെ ഈ നീക്കം വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്

Comments are closed.