കൊച്ചി: ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ കത്തോലിക്ക പള്ളി സന്ദർശിച്ചത് വിദേശ ഭരണാധികാരികളെ കാണിക്കാനായിരുന്നുവെന്ന വിമർശനവുമായി കത്തോലിക്ക സഭ രംഗത്തെത്തി. സഭയുടെ ഔദ്യോഗിക മുഖപത്രത്തിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലൂടെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തെക്കുറിച്ചുള്ള വിമർശനം ഉയർന്നത്.
‘വർഗീയത വാനോളം, നിവേദനം പോരാ’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിൽ, രാജ്യത്ത് ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾ നേരിടുന്ന അക്രമങ്ങൾ വർധിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പള്ളി സന്ദർശനം നടന്നതെന്ന് ചൂണ്ടിക്കാട്ടുന്നു. ഇത്തരം സന്ദർശനങ്ങൾ യഥാർത്ഥ പ്രശ്നങ്ങളെ മറയ്ക്കുന്ന പ്രതീകാത്മക നടപടികളായി മാത്രമാണ് മാറുന്നതെന്നും മുഖപ്രസംഗം വിമർശിക്കുന്നു.
രാജ്യത്ത് നടക്കുന്ന വർഗീയ അക്രമങ്ങളെ പ്രധാനമന്ത്രി തുറന്നടിച്ച് അപലപിക്കേണ്ടതുണ്ടായിരുന്നുവെന്നും ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കാൻ സർക്കാർ വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു.

Comments are closed.