മിത്തുകൾക്ക് പ്രാധാന്യം കൊടുക്കരുത്
പ്രകാശ് പി കോശി
യേശുവിന്റെ ജനനദിവസത്തെ വെറുമൊരു ആഘോഷദിവസമായി തരംതാഴ്ത്തുന്നത് ആ ദിവസത്തിന്റെ മഹനീയത കുറയ്ക്കുകയാണ്. യേശുവിന്റെ ജനന ദിവസവുമായി ബന്ധപ്പെട്ട വസ്തുതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം സാന്താക്ലോസ്, ക്രിസ്മസ് ട്രീ, പോലുള്ള മിത്തുകൾക്ക് പ്രാധാന്യം കൊടുക്കുന്നത് യേശുവിന്റെ ജനനം തന്നെ അതുപോലൊരു കഥയാണെന്ന തോന്നൽ ഉണ്ടാക്കാം.
ക്രിസ്മസിന്റെ അർത്ഥം യേശുവിന്റെ ജനനത്തിൽ മാത്രം ഒതുങ്ങുന്നില്ല. അവന്റെ ജീവിതവും ക്രൂശ് മരണവും പുനരുത്ഥാനവും സ്വർഗ്ഗാരോഹണവും മടങ്ങിവരവിന്റെ വാഗ്ദത്തങ്ങളും ഉൾപ്പെടുത്തിയാൽ മാത്രമേ അവന്റെ ജനനത്തിന്റെ
മാഹാത്മ്യം തിരിച്ചറിയാനാകൂ. അല്ലാത്തവർക്ക് അത് വെറുമൊരു ആഘോഷദിനം മാത്രമായിരിക്കും.
*ക്രിസ്മസ് ദൈവസ്നേഹത്തിന്റെ ആഘോഷം*
ഇവാ.മോൻസി മാമൻ
വൈസ് പ്രസിഡന്റ്, പിവൈപിഎ കേരള സ്റ്റേറ്റ്
യഥാർത്ഥ ക്രിസ്മസ് ദൈവം മനുഷ്യനായി ഈ ലോകത്തിലേക്ക് ഇറങ്ങിയ ദൈവസ്നേഹത്തിന്റെ ആഘോഷമാണ്.
പാപത്തിലും ഇരുട്ടിലും ആയിരുന്ന മനുഷ്യർക്കായി യേശുക്രിസ്തു രക്ഷകനായി ജനിച്ചതിന്റെ ഓർമ്മപ്പെടുത്തലാണ് ഇത്.
വിനയം, സമാധാനം, സ്നേഹം, ത്യാഗം എന്നിവയാണ് ക്രിസ്മസിന്റെ സന്ദേശം.
ക്രിസ്തുവിനെ ഹൃദയത്തിൽ സ്വീകരിച്ച് അവന്റെ സ്നേഹം ലോകത്തോട് പങ്കിടുന്നതാണ് യഥാർത്ഥ ക്രിസ്മസ്.
*സന്തോഷ വാർത്തയാണ് ക്രിസ്മസ്*
എം സ്റ്റീഫൻ കോട്ടയം
സത്യത്തിന്റെയും ദൈവ കൃപയുടെയും ത്യാഗത്തിന്റെയും പ്രവാഹമാണ് ക്രിസ്മസ്. ദൈവത്തിൽ നിന്ന് അന്യപ്പെട്ട് തിന്മയുടെ ശക്തികളുടെ കരാള ഹസ്തങ്ങളാൽ ഗ്രസിക്കപ്പെട്ട മനുഷ്യനെ പാപത്തിന്റെ അടിമത്തത്തിൽ നിന്നും രക്ഷിക്കുക അഥവാ ആധികാരികമായ ആസ്തിത്വം നൽകുക എന്ന ലക്ഷ്യത്തോടെ മനുഷ്യനെ അന്വേഷിച്ച് ഈ ഭൂമിയിലേക്ക് ദൈവം മനുഷ്യനായി അവതരിച്ചു എന്ന സന്തോഷ വാർത്തയാണ് ക്രിസ്മസ്. ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കുള്ള മനുഷ്യരാശിയുടെ പ്രയാണമാണ് ക്രിസ്തുമസ്
*ക്രിസ്തു ഹൃദയത്തിൽ ജനിക്കുന്നതാകണം ക്രിസ്മസ്.*
ജെ പി വെണ്ണിക്കുളം
ക്രിസ്തു ദേവന്റെ തിരുപ്പിറവിയെ സകല മാനവജാതിയും കൊണ്ടാടുന്ന ദിനമാണ് ക്രിസ്മസ്. ക്രിസ്തു ഹൃദയത്തിൽ ജനിക്കുന്നതാകണം യഥാർത്ഥ ക്രിസ്മസ്. ദിശാബോധം നഷ്ടപ്പെട്ട മാനവരാശിക്കു ശരിയായ വഴി കാണിച്ചുകൊടുത്ത ദിനമാണ് ക്രിസ്മസ്. ഇന്നും ശരിയായ വഴി തിരഞ്ഞെടുക്കുന്നവർക്ക് അടയാളമാണ് ക്രിസ്മസ്.
*ദൈവത്തിന്റെ വാഗ്ദാനത്തിന്റെ പൂർത്തീകരണമാണ് ക്രിസ്മസ്*
പാസ്റ്റർ കെ കെ ഷാജി
ക്രിസ്മസിന്റെ യഥാർത്ഥ അർത്ഥം, ദൈവം തന്റെ പുത്രനായ യേശുക്രിസ്തുവിനെ മാനവ കുലത്തിൻ്റെ രക്ഷക്കായി ലോകത്തിലേക്ക് അയച്ചുകൊണ്ട് തന്റെ മഹത്തായ സ്നേഹം കാണിച്ചു എന്നതാണ്. യേശു ഒരു കൊട്ടാരത്തിലല്ല, മറിച്ച് എളിമയോടെയാണ് ജനിച്ചത്, രക്ഷ എല്ലാവർക്കുമുള്ളതാണെന്ന് കാണിച്ചുതന്നു.
പാപപൂർണമായ ലോകത്തിലേക്ക് വെളിച്ചവും പ്രത്യാശയും സമാധാനവും കൊണ്ടുവരുമെന്ന ദൈവത്തിന്റെ വാഗ്ദാനത്തിന്റെ പൂർത്തീകരണമാണ് ക്രിസ്മസ് പ്രഘോഷിക്കുന്ന സന്ദേശം.
ക്രിസ്തുവിന്റെ ജനനത്തിലൂടെ, നമ്മെ പാപത്തിൽ നിന്ന് രക്ഷിക്കാനും അവനുമായുള്ള നമ്മുടെ ബന്ധം പുനഃസ്ഥാപിക്കാനും ദൈവം മനുഷ്യരാശിയോട് അടുത്തു. യേശു ലോകത്തിലേക്ക് വന്നതുപോലെ ഓരോ വ്യക്തിയിലും ജനിക്കുന്നതാണ് യഥാർഥമായ ക്രിസ്മസ് അനുഭവം. യേശുക്രിസ്തുവിൻ്റെ ജനനം BC/AD എന്നു കാലഘട്ടത്തെ വിഭജിച്ചതുപോലെ യേശു ഉള്ളിൽ ജനിച്ചാൽ ഓരോ വ്യക്തിയിലും മാറ്റങ്ങൾ വരും.
അതിനാൽ, ക്രിസ്തുവിനെ ആരാധിക്കാനും, സ്നേഹത്തിൽ ജീവിക്കാനും, അവന്റെ രക്ഷാ സന്ദേശം മറ്റുള്ളവരുമായി പങ്കിടാനും ക്രിസ്മസ് നമ്മെ ഓർമ്മപ്പെടുത്തുന്നു.

Comments are closed.