വെസ്റ്റ് ബാങ്ക്: ക്രൈസ്തവ വിശ്വാസത്തിന്റെ പ്രധാന സ്ഥലങ്ങളിൽ ഒന്നായ വെസ്റ്റ് ബാങ്കിലെ ബേത്ത് സഹൂർ പ്രദേശത്ത് ഇസ്രായേലി സെറ്റിലർമാർ പുതിയതായി അനധികൃത ഔട്ട്പോസ്റ്റ് സ്ഥാപിച്ചത് നൂറ്റാണ്ടുകൾ പഴക്കമുള്ള ക്രിസ്ത്യൻ സമൂഹത്തിന്റെ നിലനിൽപ്പിന് ഭീഷണിയാകുന്നു. ലൂക്കോസിന്റെ സുവിശേഷപ്രകാരം യേശുവിന്റെ ജനനവാർത്ത ആദ്യമായി പ്രഖ്യാപിക്കപ്പെട്ട ഷെപ്പേർഡ്സ് ഫീൽഡിന് സമീപമാണ് ഈ പ്രദേശം.
ബേത്ത് സഹൂർ നഗരസഭ കുട്ടികളുടെ ആശുപത്രി, സാംസ്കാരിക കേന്ദ്രം, പൊതു ഇടങ്ങൾ എന്നിവയ്ക്കായി നീക്കിവെച്ചിരുന്ന സ്ഥലത്താണ് ഇപ്പോൾ കാരവനുകളും നിർമ്മാണ ഉപകരണങ്ങളും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അന്താരാഷ്ട്ര ദാതാക്കളുടെ സഹായത്തോടെ ആസൂത്രണം ചെയ്തിരുന്ന ഈ പദ്ധതികൾ പ്രദേശത്തെ ക്രിസ്ത്യൻ സമൂഹത്തെ ശക്തിപ്പെടുത്താനായി ലക്ഷ്യമിട്ടിരുന്നവയാണ്. എന്നാൽ സെറ്റിൽമെന്റ് സ്ഥാപിച്ചതോടെ ഈ പദ്ധതികൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. വെസ്റ്റ് ബാങ്കിലെ അവസാനത്തെ ഭൂരിപക്ഷം ക്രിസ്ത്യാനികളുള്ള നഗരങ്ങളിൽ ഒന്നാണ് ബേത്ത് സഹൂർ. ഓർത്തഡോക്സ്, കത്തോലിക്ക, ഇവാഞ്ചലിക്കൽ തുടങ്ങിയ വിവിധ ക്രിസ്ത്യൻ വിഭാഗക്കാർ ഒരുമയോടെ ജീവിക്കുന്ന ഈ സമൂഹം ഇപ്പോൾ ഭയത്തോടെയാണ് കഴിയുന്നത്.

Comments are closed.