ഫ്ലോറിഡ : ഹരിക്കേൻ ദുരിതമനുഭവിക്കുന്ന ജമൈക്കയിലേക്ക് മനുഷ്യത്വപരമായ സഹായ സാമഗ്രികളുമായി പുറപ്പെട്ട മിഷനറിയും അദ്ദേഹത്തിന്റെ മകളും വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ 10 മണിയോടെ ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയ്‌ലിന് സമീപമുള്ള കോറൽ സ്പ്രിംഗ്‌സിലാണ് അപകടം സംഭവിച്ചത്.
അലക്സാണ്ടർ വുർം (53), മകൾ സെറീന വുർം (22) എന്നിവരാണ് മരണപ്പെട്ടത്. അവർ സഞ്ചരിച്ചിരുന്ന ബീച്ച്‌ക്രാഫ്റ്റ് കിംഗ് എയർ വിമാനം ടേക്ക്-ഓഫിന് തൊട്ടുപിന്നാലെ റെസിഡൻഷ്യൽ ഏരിയക്ക് സമീപമുള്ള ഒരു കുളത്തിലേക്ക് തകരുകയായിരുന്നു. വിമാനത്തിൽ ഇവർ രണ്ടുപേർ മാത്രമാണ് ഉണ്ടായിരുന്നത്. വുർമ് സ്ഥാപിച്ച ഫ്ലോറിഡ ആസ്ഥാനമായുള്ള മിഷൻ സംഘടനയായ ഇഗ്നൈറ്റ് ദി ഫയർ മരണവാർത്ത സ്ഥിരീകരിച്ചു. സ്വാർത്ഥതയില്ലായ്മയും ധൈര്യവും ഉൾക്കൊണ്ടതായിരുന്നു അവരുടെ ഈ അവസാന യാത്ര എന്ന് സംഘടന പ്രസ്താവനയിൽ പറഞ്ഞു. സഹായത്തിനായുള്ള സെറീനയുടെ സമർപ്പണം പലർക്കും പ്രചോദനമായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു.

Comments are closed.