Ultimate magazine theme for WordPress.

വരത്തൻ എന്ന പദം

ഡോ. എം ജെ സന്തോഷ്

എന്റെ രണ്ട് അയൽക്കാർ തമ്മിലുണ്ടായ വഴക്ക് ഞാൻ ഇപ്പോഴും ഓർക്കുകയാണ്. ഒരാൾ അപരനെ വിളിച്ചു: വരത്താ, നീയൊക്കെ ഇന്നലെ ഈ നാട്ടിൽ വന്നതാണ്. ഞങ്ങൾ നാട്ടിൽത്തന്നെ തലമുറകളായി താമസിക്കുന്നതാണ്.

അമ്മയോട് ഞാൻ വരത്തൻ എന്ന വാക്കിന്റെ അർത്ഥം ചോദിച്ചെങ്കിലും കൃത്യമായി മറുപടി കിട്ടിയില്ല. വല്യപ്പനോട് ചോദിച്ചപ്പോൾ അർത്ഥം പറഞ്ഞു തന്നു. ഒരു നാട്ടിൽ പണ്ടുമുതൽ ജനിച്ചുവളരാതെ അടുത്തകാലത്ത് ആ നാട്ടിൽ കുടിയേറ്റം നടത്തിയ വിദേശിയാണ് വരത്തൻ. അർത്ഥമങ്ങോട് പൂർണമായും മനസ്സിലായില്ലെങ്കിലും ഒരുതരം രണ്ടാം കിടക്കാരൻ! ആ നാടിന്റെ സംസ്കാരവുമായി യോജിക്കാത്തവൻ എന്നെല്ലാം മനസ്സിലായി.

ഇപ്പോൾ ഈ വരത്തൻ കഥ പറയാനുള്ള കാരണം സീറോ മലബാർ കത്തോലിക്കാ സഭയുടെ ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പിതാവ് ചൂണ്ടിക്കാണിച്ച ഒരു വിപത്താണ്. ഉത്തരേന്ത്യയിൽ ബിജെപിയുടെ പോഷക സംഘടനകൾ ക്രിസ്തുമതം ഒരു വൈദേശിക മതമാണെന്ന് പഠിപ്പിക്കുന്നു. ക്രിസ്തു ശിഷ്യനായ തോമാശ്ലീഹാ ക്രിസ്തുവർഷം അൻപത്തി രണ്ടിൽ കേരളത്തിലെത്തി പ്രചരിപ്പിച്ച ക്രിസ്തീയ വിശ്വാസം ഇന്ത്യൻ സാരാംശവുമായി ഒന്നുതന്നെയാണെന്ന് മാർ താഴത്ത് പിതാവ് ചൂണ്ടിക്കാണിച്ചു.

ഒരു നാട്ടിൽ 2000 കൊല്ലമായി താമസിക്കുന്നവരെ വരത്തൻ എന്ന് വിളിക്കുന്ന കാര്യം മലയാളത്തിലെ പ്രമുഖ നിഘണ്ടുവായ ശബ്ദതാരാവലി തയ്യാറാക്കിയ ശ്രീകണ്ഠേശ്വരം അറിഞ്ഞിരുന്നെങ്കിൽ
ഒരുപക്ഷേ ഹാർട്ട് അറ്റാക്കു വന്നു മരിക്കുമായിരുന്നു. നാലാം നൂറ്റാണ്ടിൽ നടന്ന നസ്രാണി കുടിയേറ്റം മറ്റൊരു ഉദാഹരണമാണ്. കേരളത്തിൽ ഇന്ന് ഹിന്ദുക്കൾ എന്നോ മുസ്ലീങ്ങൾ എന്നോ ക്രിസ്ത്യാനികൾ എന്ന് തന്നെയോ സ്വയം വിളിക്കുന്ന സമൂഹങ്ങൾ രൂപപ്പെടുന്നതിന് വളരെ മുൻപാണ് സിറിയൻ ക്രിസ്ത്യാനികൾ കേരളത്തിൽ കുടിയേറിപ്പാർത്തത്. അതുകൊണ്ടുതന്നെ ഇന്ന് കേരളത്തിൽ കാണുന്ന ഹൈന്ദവ, ഇസ്ലാമിക സമൂഹങ്ങളുമായി സാംസ്കാരിക, സാമൂഹിക, ധാർമിക, ബൗദ്ധിക, തലങ്ങളിൽ ഇഴപിരിക്കാനാവാത്ത വിധം ക്രിസ്ത്യാനികൾ ഒന്നായിത്തീർന്നിരിക്കുന്നു.

സയൻസും കണക്കും എനിക്ക് സാത്താനേക്കാൾ കുറച്ചുകൂടി പേടിയുള്ള വിഷയങ്ങളാണ്. എന്നാൽ ആർട്സ് വിഷയങ്ങളിൽ അത്ര കുഴപ്പമില്ല എന്ന് തോന്നുന്നു. ഏതായാലും ഞാൻ എന്റെ വരത്തൻ ഗവേഷണം തുടർന്നു. അന്നുവരെ ഒരല്പം ബഹുമാനം തോന്നിയിരുന്ന എന്റെ അയൽക്കാരൻ വരത്തനാണ് എന്നറിഞ്ഞപ്പോൾ എനിക്ക് അയാളോട് ഒരല്പം പുച്ഛം തോന്നി. ഏതായാലും കാര്യങ്ങൾ അന്വേഷിക്കണമല്ലോ? ഞാൻ അമ്മയോടും കൂട്ടുകാരോടും അന്വേഷിച്ചപ്പോൾ ഞങ്ങളുടെ ഗ്രാമത്തിന്റെ മൂന്നിൽ ഒരു ഭാഗം വസ്തുവകകൾ വരത്തന്റേതാണ് എന്നറിഞ്ഞു.

ഗ്രാമത്തിലെ ജമീൻദാരാ യിരുന്ന നമ്പൂതിരിയുടെ കയ്യിൽ നിന്ന് അയാളുടെ വല്യപ്പൻ പാട്ടത്തിനെടുത്ത വസ്തുവകകൾ മറ്റൊരു നമ്പൂതിരിയായ ശ്രീ ഇ എം എസ് നമ്പൂതിരിപ്പാട് അധികാരത്തിൽ വന്നപ്പോൾ അധികാരത്തിൽ വന്നപ്പോൾ നിയമപ്രകാരം അയാളുടേതായി മാറിയെന്ന് എന്റെ വല്യപ്പൻ എനിക്ക് പറഞ്ഞു തന്നു. അയാൾക്ക് ഗ്രാമത്തിൽ ഒരു പലചരക്ക് കടയും പച്ചക്കറിക്കടയുമു ണ്ട്. ഗ്രാമത്തിലെ ഭൂരിഭാഗം ജനങ്ങളും ഈ കടകളിൽ നിന്ന് കടം വാങ്ങിയാണ് വിശപ്പ് മാറ്റുന്നത്. കടം കൊടുക്കുന്നതിൽ അയാൾക്ക് യാതൊരു മടിയുമില്ല. വാങ്ങിച്ച കടം തിരിച്ചുകൊടുക്കാതെ വന്നാൽ ചിലപ്പോൾ അയാൾ കടം വാങ്ങിയവന്റെ കോളറിൽ കുത്തിപ്പിടിക്കും എന്നുമാത്രം.

ചുരുക്കിപ്പറഞ്ഞാൽ വരത്തന്റെ ഭൂമിയിലാണ് ആളുകൾ നടക്കുന്നതും കിടക്കുന്നതും! വരത്തൻ ഇല്ലെങ്കിൽ ഗ്രാമത്തിൽ പട്ടിണി മരണം വർദ്ധിക്കും. ഇങ്ങനെയൊക്കെയാണെ ങ്കിലും എന്ത് ചെയ്യാം? ആൾ വരത്തനല്ലേ?

ഇന്ത്യയിലുടനീളം എത്ര കോളേജുകളും, ആശുപത്രികളുമാണ് ക്രിസ്തീയ മിഷനറിമാർ സ്ഥാപിച്ച് രാജ്യ നിർമ്മിതിക്ക് സംഭാവന ചെയ്തത് എന്ന് ഓർക്കുമ്പോൾ എനിക്ക് വീണ്ടും ഈ വരത്തൻ കഥ ഓർമ്മവരുന്നു. പല ഭാഷകളും നിർമ്മിച്ചതും നവീകരിച്ചതും ബൈബിൾ പരിഭാഷ ചെയ്യാൻ വേണ്ടി മാത്രമാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ ഇന്ന് നമ്മൾ ഉപയോഗിക്കുന്ന സ്ഥാവര ജംഗമ വസ്തുക്കൾ മാത്രമല്ല, ബുദ്ധിപരമായ ആശയങ്ങളും ക്രിസ്ത്യാനികൾ ഇറക്കുമതി ചെയ്തതല്ല മറിച്ച് ഈ നാട്ടുകാരായ ക്രിസ്ത്യാനികൾ, ഈ നാട്ടിലെ ആവശ്യങ്ങൾ നിറവേറ്റാൻ ഇവിടെ ഉണ്ടാക്കിയതാണ്. എന്നിട്ടും അവർ വരത്തന്മാർ ആകുന്നതെങ്ങനെ എന്ന് എനിക്ക് മനസ്സിലാകുന്നില്ല?

ഉദാഹരണത്തിന് കേരളം ബഹുമാനിക്കുന്ന കവികളും സിനിമാഗാന രചയിതാക്കളുമായ പി ഭാസ്കരനും, വയലാർ രാമവർമ്മയും ശ്രീകുമാരൻ തമ്പിയും കേരള ക്രിസ്ത്യാനികളുടെ ആത്മീയത, സംസ്കാരം, ശീലങ്ങൾ എന്നിവആധാരമാക്കി എത്ര ഡസൻ ഗാനങ്ങൾ എഴുതിയിട്ടുണ്ട്? അത് പാടി എത്ര ഹിന്ദു പെൺകുട്ടികൾ സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട്? ഹൈന്ദവ പാരമ്പര്യത്തിൽ ജനിച്ചു ജീവിച്ച അഥവാ ജീവിക്കുന്ന ഈ കവികൾ ഒരു വൈദേശിക മതത്തിന്റെ പ്രേമവും ധർമ്മവും ആത്മീയതയും കടമെടുത്ത വരായിരുന്നോ? ഇനി ഒരു വാചകം എഴുതുന്നതിൽ എന്നോട് കോപിക്കരുത്.

കേരളീയ ജനപ്രിയ വായനയിൽ ക്രിസ്തീയ വിശ്വാസത്തിന്റെ സ്വാധീനം എന്നതിനെക്കുറിച്ച് ഒരു ലേഖന പരമ്പര എഴുതാൻ എനിക്ക് പണ്ട് ഒരാഗ്രഹം തോന്നി. പുസ്തകങ്ങൾ വാങ്ങണം, ഹോംവർക്ക് ഒത്തിരി ചെയ്യണം, ലൈബ്രറിയിൽ ദിവസങ്ങൾ തന്നെ ചെലവാക്കേണ്ടി വരും. കുറച്ച് കാശ് തരാമോ എന്ന് ഒരു ക്രിസ്ത്യൻ മിഷനറിയോട് ചോദിച്ചപ്പോൾ അദ്ദേഹം പരിണാമ സിദ്ധാന്ത കർത്താവായ ചാൾസ് ഡാർവിന്റെ മൂത്തമകൻ ചിരിക്കുന്നത് പോലെ പല്ലെല്ലാം കാണിച്ച് ഒന്ന് ചിരിച്ചു. ശരീരത്തിന്റെ പിൻഭാഗത്ത് മാന്തിയിട്ട് പറഞ്ഞു, പ്രാർത്ഥിക്കാം. ക്രിസ്ത്യൻ ലൈവ് ദിനപത്രത്തിന്റെ ചില വായനക്കാരെങ്കിലും ക്രിസ്തീയ വിശ്വാസത്തെ കുറിച്ചുള്ളആരോഗ്യകരമായ ബോധവൽക്കരണ ത്തിന് ഫണ്ട് കണ്ടെത്തും എന്ന് ഞാൻ വിശ്വസിക്കുന്നു.

ഇന്ത്യൻ ക്രിസ്തീയത ഒരു വൈദേശിക മതമാണെന്ന വാദഗതി എന്നോട് പങ്കുവെച്ച നല്ലവനായ സുഹൃത്തിനോട് എനിക്ക് വിയോജിക്കേണ്ടിവന്നു. ഞാൻ പറഞ്ഞു ഇവിടെ ഞങ്ങൾ പ്രാർത്ഥിക്കുന്നത് മലയാളത്തിലാണ്, ഉടുക്കുന്നത് മുണ്ടാണ്, അച്ചാർ മുതൽ കോഴിയിറച്ചി വരെ തിന്നുന്നത് ഇന്ത്യൻ വിഭവങ്ങളാണ്, ഡേറ്റിംഗ് ഇല്ല, മേറ്റിംഗ് കല്യാണം കഴിഞ്ഞു മാത്രം. വേലായുധനും കൃഷ്ണനും രാധയും എത്രമാത്രം ഇന്ത്യൻ പേരുകൾ ആയിരിക്കുന്നോ അതേയളവിൽത്ത ന്നെ പത്രോസും, അവറാച്ചനും, യാക്കോബും, മറിയാമ്മയും, അച്ചാമ്മ യും ഇട്ടൂപ്പും ഇന്ത്യൻ നാമങ്ങൾ തന്നെ. ക്രിസ്ത്യാനികളുടെ പാരമ്പര്യ തൊഴിലായ കൃഷി ഇന്ത്യൻ മണ്ണിൽ ഇന്ത്യൻ വിഭവങ്ങൾ ഇന്ത്യൻ രീതിയിൽ വിളയിച്ചെടുക്കുന്നതാണ്. യൂറിയായുംപൊട്ടാഷും ഫാക്ടംഫോസും ബൈബിളിലുള്ളതല്ല മറിച്ച് ഇരുപതാം നൂറ്റാണ്ടിൽ ശാസ്ത്രം കണ്ടെത്തിയതാണ്. ബൈബിളിൽ ഞങ്ങൾ ഉപയോഗിക്കുന്ന ദൈവം എന്ന പദം ഒരു മലയാള പദം തന്നെയാണ്. എന്നുവെച്ചാൽ ഞങ്ങളുടെ സംസ്കാരവും പ്രയോഗവും ഇറക്കുമതി ചെയ്തതല്ല മറിച്ച് 100% ഇന്നാടിന്റേതാണ്. സത്തയിൽ ഈ നാടിന്റെ ആത്മാവായ ക്രിസ്തീയ വിശ്വാസത്തെ വൈദേശികമെന്ന് എഴുതിത്തള്ളുന്നവരോട് ദൈവം ക്ഷമിക്കട്ടെ!

Sharjah city AG

Comments are closed.