Ultimate magazine theme for WordPress.

43 വർഷം തടവിൽ: 13 പേരെ വെടിവെച്ചു കൊന്ന കുപ്രസിദ്ധ കൊലയാളി ജയിലിൽ മരിച്ചു

പെൻസിൽവാനിയ: യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഏറ്റവും കുപ്രസിദ്ധരായ കൂട്ടക്കൊലയാളികളിൽ ഒരാളായ ജോർജ്ജ് ബാങ്ക്സ് ജയിലിൽ ആയിരിക്കെ മരിച്ചു. 83 വയസ്സായിരുന്ന ബാങ്ക്സ് 43 വർഷം മുൻപ് 13 പേരെ വെടിവെച്ചു കൊന്ന കേസിലെ പ്രതിയാണ്.

ഞായറാഴ്ച ഉച്ചയോടെ പെൻസിൽവാനിയയിലെ ഫീനിക്സ് സ്റ്റേറ്റ് ജയിലിൽ വെച്ചാണ് ബാങ്ക്സ് മരണപ്പെട്ടത്. വൃക്കയിലെ കാൻസർ മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണം എന്ന് മോൺറ്ഗോമറി കൗണ്ടി കോറോണർ സ്ഥിരീകരിച്ചു. ബാങ്ക്സിന്റെ അഞ്ച് സ്വന്തം കുട്ടികൾ, അവരുടെ അമ്മമാർ ഉൾപ്പെടെ നാല് സ്ത്രീകൾ, മറ്റ് നാല് പേർ എന്നിവരുൾപ്പെടെ ആകെ 13 പേരെയാണ് ഇയാൾ കൊലപ്പെടുത്തിയത്.

മുൻ ജയിൽ ഗാർഡും സൈനികനുമായിരുന്ന ബാങ്ക്സ് എ.ആർ.-15 (AR-15) റൈഫിൾ ഉപയോഗിച്ച് സ്വന്തം വീട്ടിലും തുടർന്ന് മറ്റൊരു ട്രെയിലർ പാർക്കിലുമായിരുന്നു ഈ ക്രൂരകൃത്യം നടത്തിയത്. മദ്യപിച്ച ശേഷം രാത്രി വൈകിയാണ് ഇയാൾ കൂട്ടക്കൊലയ്ക്ക് തുടക്കമിട്ടത്. വംശീയപരമായ കാരണങ്ങളാൽ തന്റെ മക്കൾ കഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് താൻ അവരെ കൊലപ്പെടുത്തിയത് എന്നാണ് അറസ്റ്റിന് ശേഷം ഇയാൾ അവകാശപ്പെട്ടത്. കൂട്ടക്കൊലയെ തുടർന്ന് ജോർജ് ബാങ്ക്സിനെതിരെ 12 ഫസ്റ്റ്-ഡിഗ്രി കൊലപാതക കുറ്റങ്ങൾ തെളിയിക്കപ്പെടുകയും വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.

എങ്കിലും, ഇയാൾക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ട് എന്നും, അതിനാൽ ശിക്ഷയുടെ പ്രാധാന്യം മനസ്സിലാക്കാനുള്ള മാനസികാവസ്ഥയില്ല എന്നും കണ്ടെത്തിയതിനെ തുടർന്ന് വധശിക്ഷ നടപ്പാക്കുന്നത് കോടതികൾ തടഞ്ഞു. ദശാബ്ദങ്ങൾ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ, വധശിക്ഷ തടഞ്ഞുകൊണ്ടുള്ള വിധി 2010-ൽ സുപ്രീം കോടതിയും ശരിവെച്ചു. ഇതേതുടർന്ന് ബാങ്ക്സ് ജീവപര്യന്തം തടവിലായിരുന്നു. 43 വർഷം ജയിലിൽ കഴിഞ്ഞ ശേഷമാണ് അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ഭീകരമായ കൂട്ടക്കൊലകളിലൊന്ന് നടത്തിയ ഈ കുപ്രസിദ്ധ കൊലയാളിയുടെ അന്ത്യം.

Sharjah city AG

Comments are closed.