Ultimate magazine theme for WordPress.

പാറമേൽ പണിയുന്ന തിരുസഭ- 1

ഈ പാറ ആര്?ക്രിസ്തുവോ? പത്രോസോ ?

പാസ്റ്റർ. ഫിലിപ്പ് പി തോമസ്

 

സഭ പണിയപ്പെട്ടിരിക്കുന്നത് ഏത് പാറമേൽ ആണ് എന്നത് നൂറ്റാണ്ടുകളായി ചിലർക്ക് തർക്കവിഷയമാണ്. ഈ പാറ എന്ന് പറയപ്പെട്ടിരിക്കുന്നത് പത്രോസിനെക്കുറിച്ചാണ് എന്ന് റോമൻ കത്തോലിക്കാ സഭ പഠിപ്പിക്കുന്നു .എന്നാൽ ഈ പാറ എന്നത് ക്രിസ്തുവാണെന്ന് പ്രോട്ടസ്റ്റൻ്റ് സഭയും പഠിപ്പിക്കുന്നു .

റോമിലെ ഒന്നാമത്തെ പോപ്പ് പത്രോസ്- ആയിരുന്നെന്നുവെന്ന് റോമൻ കത്തോലിക്കർ പഠിപ്പിക്കുമ്പോൾ പത്രോസ് റോമിൽ പോയിട്ടു പോലുമില്ലെന്ന് മറു ഭാഗം വാദിക്കുന്നു. തർക്കങ്ങൾ ഉണ്ടാകുമ്പോൾ നാം പരിശോധിക്കേണ്ടത് തിരുവെഴുത്താണ് .
മത്തായി 16:13 ൽ ” യേശു ഫിലിപ്പിന്റെ കൈസര്യയുടെ പ്രദേശത്തു എത്തിയശേഷം തന്റെ ശിഷ്യന്മാരോടു: “ജനങ്ങൾ മനുഷ്യപുത്രനെ ആർ എന്നു പറയുന്നു?” എന്നു ചോദിച്ചു. ”

ഇതിന് ഉറച്ച ഉത്തരം നൽകിയത് പത്രോസ് ആണ് .
അദ്ദേഹത്തിൻ്റെ മറുപടി ” (മത്തായി 16:16) നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു “എന്നതാണ്.

ഈ പ്രസ്താവന കേട്ട ശേഷമാണ് കർത്താവ് പത്രോസിനോട് –
” നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.( മത്തായി 16:18) ” എന്ന് പറഞ്ഞത് .ഈ വാക്യത്തെ ആസ്പതമാക്കിയാണ് പത്രോസിന്മേൽ സഭ പണിയപ്പെട്ടിരിക്കുന്നുവെന്ന് ഒരു കൂട്ടർ വാദിക്കുന്നത്. പത്രോസിനോട് നിൻ്റെ മേൽ പണിയും എന്ന് കർത്താവ് പറഞ്ഞില്ല. പത്രോസ് പറഞ്ഞ “ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു ” എന്ന പാറമേൽ സഭയെ പണിയും എന്നാണ് അർത്ഥമാക്കിയത്. നീ പത്രോസ് ആകുന്നു എന്നു പറയുമ്പോൾ ഉപയോഗിച്ചിരിക്കുന്ന പദം പാറക്കഷണം എന്നാണ് .
ക്രിസ്തുവാകുന്ന പാറമേൽ പണിയുന്ന സൗധത്തിലെ ഒരു പാറ കഷണം മാത്രമാണ് പത്രോസ്. പത്രോസ് തന്നെ അദ്ദേഹത്തിൻ്റെ ലേഘനത്തിൽ ഈ കാര്യം വിശദമാക്കുന്നുണ്ട് . ” മനുഷ്യർ തള്ളിയതെങ്കിലും ദൈവസന്നിധിയിൽ ശ്രേഷ്ഠവും മാന്യവുമായ ജീവനുള്ള കല്ലായ അവന്റെ അടുക്കൽ വന്നിട്ടു, നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തുമുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിതവർഗ്ഗമാകേ ണ്ടതിന്നു പണിയപ്പെടുന്നു.” ( 1 പത്രോസ് 2:4,5) .ജീവനുള്ള കല്ലായ കൃസ്തുവിൻ്റെ അടുക്കൽ, നാമും ചെല്ലുമ്പോൾ ജീവൻ പ്രാപിച്ച കല്ലുകളായി തീർന്ന് ഒരു ആത്മീയ ഗൃഹമായി തീരുന്നു. അതാണ് സഭ. ക്രിസ്തുവെന്ന കല്ലിനോട് ചേർത്ത് വയ്ക്കപ്പെട്ടിരിക്കുന്ന പാറക്കഷണങ്ങൾ ആണ്
പത്രോസും നാമും. പത്രോസിന് ഇത് മനസിലായെങ്കിലും അദ്ദേഹത്തിൻ്റെ അനുയായികൾ എന്ന് അവകാശപ്പെടുന്നവർക്ക്
ഒന്നുകിൽ ഇത് മനസിലായിട്ടില്ല. അല്ലെങ്കിൽ ഇത് അംഗീകരിക്കുന്നില്ല.

പൗലോസ് ഈ വിഷയത്തിൽ വ്യക്തത നൽകുന്നുണ്ട് .” “യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്നു ഇടുവാൻ ആർക്കും കഴികയില്ല.
ആ അടിസ്ഥാനത്തിന്മേൽ ആരെങ്കിലും പൊന്നു, വെള്ളി, വിലയേറിയ കല്ലു, മരം, പുല്ലു, വൈക്കോൽ എന്നിവ പണിയുന്നു എങ്കിൽ അവനവന്റെ പ്രവൃത്തി വെളിപ്പെട്ടുവരും; ” ( 1 കൊരി 3:11 ,12 ) .അടിസ്ഥാന കല്ല് ക്രിസ്തുവാണ് എന്ന് ഇവിടെ വ്യക്തം. 1 കൊരിന്ത്യർ 10:4 ൽ ,” എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു-അവരെ അനുഗമിച്ച ആത്മീകപാറയിൽനിന്നല്ലോ അവർ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു ” എന്നു പറയുന്നു .പാറ
എന്നത് ക്രിസ്തുവും നാം ഏവരും ആ പാറമേൽ പണിയപ്പെടുന്ന
പാറ കഷണങ്ങളും ആണ്.

ഈ പാറമേൽ എന്ന പ്രയോഗം അവിടെ നിന്ന പത്രോസിനെക്കുറിച്ച് അല്ലായെന്നതിൻ്റെ മറ്റൊരു തെളിവാണ് യേശു യെരുശലേമിൽ വച്ച് നടത്തിയ മറ്റൊരു പ്രസ്താവന .
യോഹ 2:19 ൽ ” യേശു അവരോടു: “ഈ മന്ദിരം പൊളിപ്പിൻ; ഞാൻ മൂന്നു ദിവസത്തിന്നകം അതിനെ പണിയും” എന്നു ഉത്തരം പറഞ്ഞു. ” ഈ മന്ദിരം എന്നു പറഞ്ഞപ്പോൾ യഹൂദന്മാർ
തെറ്റിദ്ധരിച്ചത് യെരുശലേം ദൈവാലയം എന്നാണ്. യേശു ഈ -എന്ന് പറഞ്ഞത് തന്നേക്കുറിച്ച് തന്നെയായിരുന്നു .”അവനോ തന്റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചത്രേ പറഞ്ഞതു ( 2: 20 )” .
രണ്ട് പ്രസ്താവനകളിലും ഈ പാറയെന്നും ഈ മന്ദിരം എന്നും
പറഞ്ഞത് തന്നെക്കുറിച്ച് തന്നെയായിരുന്നു . ഈ എന്നത്
പത്രോസോ, ദൈവാലയമോ അല്ലായിരുന്നു . പത്രോസ് വിവാഹിതനായിരുന്നുവെന്നതിൻ്റെ തെളിവാണല്ലോ പത്രോസിൻ്റെ ഭാര്യാമാതാവിനെ യേശു സൗഖ്യമാക്കിയത് .
മാത്രമല്ല ,പത്രോസ് തൻ്റെ ഭാര്യയുമായി യാത്ര ചെയ്തതിനെ
കുറിച്ച് പൌലോസ് എഴുതിയിട്ടുമുണ്ടല്ലോ .” 1 കൊരിന്ത്യർ 9:5_ “ശേഷം അപ്പൊസ്തലന്മാരും കർത്താവിന്റെ സഹോദരന്മാരും കേഫാവും ചെയ്യുന്നതുപോലെ ഭാര്യയായോരു സഹോദരിയുമായി സഞ്ചരിപ്പാൻ ഞങ്ങൾക്കു അധികാരമില്ലയൊ?”
അതുപോലെ തന്നെ പത്രോസ് റോമിൽ പോയതായി തിരുവെഴുത്തിൽ രേഖപ്പെടുത്തിയിട്ടില്ല. പൗലോസിനോട് ചേർന്ന് പത്രോസ് റോമിൽ സഭ സ്ഥാപിച്ചുവെന്ന് ചിലർ പറയുന്നു. അങ്ങനെയെങ്കിൽ, പത്രോസ് തന്നോടൊപ്പം ഉണ്ടെന്ന് പൗലോസ്
എഴുതുമായിരുന്നു .
പത്രോസിന്മേൽ സഭ സ്ഥാപിച്ചെന്നും അദ്ദേഹം അവിവാഹിതൻ
ആയിരുന്നുവെന്നതും റോമിലെ ആദ്യ പോപ്പ് ആയിരുന്നു എന്നതും
വെറും കെട്ടുകഥകൾ മാത്രമാണ് .

ക്രിസ്തുവാകുന്ന പാറമേൽ അടിസ്ഥാനമിട്ട ദൈവസഭയിൽ
നമുക്കും ഒരു അംഗമാകുവാൻ കൃപ തോന്നി അവസരം തന്ന ദൈവത്തിന് നന്ദി .

Sharjah city AG

Comments are closed.