കൊച്ചി: യാക്കോബായ സഭയുടെ തലവൻ മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ (95) കാലം ചെയ്തു. ഇന്നലെ വൈകീട്ട് അഞ്ചരയോടെ കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
യാക്കോബായ സഭയുടെ അഭിമാനമായ പുത്തൻകുരിശ് പാത്രിയർക്കാസെന്ററിന്റെ സ്ഥാപകനായ ബാവ അനേകം ധ്യാനകേന്ദ്രങ്ങളും മിഷൻസെന്ററും പള്ളികളും വിദ്യാലയങ്ങളും സ്ഥാപിച്ചിട്ടുണ്ട്. പുത്തൻകുരിശ് കൺവെൻഷന് തുടക്കമിട്ടതും ബാവയാണ്. പുത്തൻകുരിശ് വടയമ്പാടിയിലെ വൈദിക പാരമ്പര്യമുള്ള ചെറുവിള്ളിൽ കുടുംബത്തിൽ മത്തായിയുടയും കുഞ്ഞാമ്മയുടെയും എട്ട് മക്കളിൽ ആറാമത്തെയാളായി 1929 ജൂലായ് 22 നാണ് ബാവ ജനിച്ചത്. കുഞ്ഞുകുഞ്ഞ് എന്നായിരുന്നു ഓമനപ്പേര്. കഠിന രോഗങ്ങൾമൂലം പഠനം പ്രാഥമിക വിദ്യാഭ്യാസത്തിലൊതുങ്ങി. കുറച്ച് നാൾ അഞ്ചലോട്ടക്കാരനായി ജോലിചെയ്തു.