റാന്നി : ഡബ്ല്യുഎംഇ യൂത്ത് ഫെല്ലോഷിപ്പ് കേരള സ്റ്റേറ്റ് ബോർഡിന്റെ നേതൃത്വത്തിൽ നാളെ മുതൽ ശനിയാഴ്ച്ച (ഒക്ടോബർ 10 ,12) വരെ ലഹരി വിരുദ്ധ സന്ദേശയാത്ര നടക്കും. പത്തനംതിട്ട ജില്ലയിലെ അടൂരിൽ നിന്ന് ആരംഭിക്കുന്ന യാത്ര ഇടുക്കി ജില്ലയിലെ കുമളിയിൽ അവസാനിക്കും.
ഇന്ന് രാവിലെ ഒമ്പതിന് അടൂർ ബസ്റ്റാന്റിന് സമീപം നടക്കുന്ന സമ്മേളനം ഡബ്ള്യുഎംഇ ദൈവസഭകളുടെ നാഷണൽ ചെയർമാൻ റവ. ഡോ. ഒ.എം. രാജുക്കുട്ടി പ്രാർഥിച്ചു ഉദ്ഘാടനം ചെയ്യും. അടൂർ ഡിവൈഎസ്പി ജി സന്തോഷ് കുമാർ ഫ്ലാഗ് ഓഫ് നടത്തും. പത്തനംതിട്ട ടൗൺ, കോഴഞ്ചേരി, നെല്ലാട്, മല്ലപ്പള്ളി, കറുകച്ചാൽ, പാമ്പാടി, കുമ്പളന്താനം, പുളിക്കൽ കവല, പത്തനാട്, ചുങ്കപ്പാറ, റാന്നി, അത്തിക്കയം, വെച്ചൂച്ചിറ, ചാത്തൻതറ, മുക്കൂട്ടുതറ, മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, വണ്ടിപ്പെരിയാർ, കുമളി, അണക്കര എന്നീ ടൗണുകളിലൂടെ യാത്ര ചെയ്ത് പന്ത്രണ്ടിന് വൈകിട്ട് ഏഴിന് കുമളി ആറാംമൈലിൽ സമാപിക്കും. ലഹരിയുടെ ഉപയോഗവും അനന്തര ദോഷവശങ്ങളെപറ്റിയും ദൈവദാസന്മാർ സന്ദേശം അറിയിക്കും. ദൈവസഭയുടെ അതാത് സെന്റർ പരിധിയിൽ യാത്ര എത്തുമ്പോൾ സെന്ററിൽ ഉള്ള ദൈവദാസന്മാരും വിശ്വാസികളും യുവജന പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കുന്നതാണ്.
സംഗീത ശുശ്രൂഷ, സ്കിറ്റ്, സന്ദേശം, ലഘുലേഖ വിതരണം എന്നിവ സമ്മേളനത്തിൽ നടത്തുന്നതാണ്. യൂത്ത് ഫെല്ലോഷിപ്പ് സ്റ്റേറ്റ് ഡയറക്ടർ ഡോ. എം.കെ. സുരേഷ്, സ്റ്റേറ്റ് സെക്രട്ടറി ഇവാ. ജേക്കബ് മാത്യു എന്നിവർ യാത്രക്ക് നേതൃത്വം നൽകും. സ്റ്റേറ്റ് ബോർഡ് അംഗങ്ങളും വിവിധ സെന്ററുകളിലെ ഓർഗനൈസറുമാരും പാസ്റ്റർമാരും യാത്രയുടെ അംഗങ്ങളായിരിക്കും.
