ന്യൂഡൽഹി : യാഗി ചുഴലിക്കാറ്റ് ദുരന്തം വിതച്ച രാജ്യങ്ങളിലേക്ക് സഹായം എത്തിക്കാനുള്ള നടപടികളുമായി ഇന്ത്യ. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് നടപടികൾ ആരംഭിച്ച വിവരം വെളിപ്പെടുത്തിയത്.
മ്യാൻമർ, വിയറ്റ്നാം, ലാവോസ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഓപ്പറേഷൻ സദ്ഭാവ് എന്ന പേരിൽ ഇന്ത്യ സഹായം അയച്ചിരിക്കുന്നത്. ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, മരുന്നുകൾ എന്നിവയുൾപ്പെടെ 10 ടൺ സാധനങ്ങളാണ് വ്യോമസേനയുടെ വിമാനത്തിൽ അയച്ചിരിക്കുന്നത്. യാഗി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്തമഴയിൽ മ്യാൻമറിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 113 ആയി. മൂന്നു ലക്ഷത്തിലേറെ പേർ വെള്ളപ്പൊക്കത്തിലും ചുഴലിക്കാറ്റിലുമായി മ്യാൻമാറിൽ ഭവനരഹിതരായെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
