Ultimate magazine theme for WordPress.

ഫാമിലി വിസ സ്റ്റാമ്പിങിന് ഇനി വിവാഹ സര്‍ട്ടിഫിക്കറ്റ് എംബസി സാക്ഷ്യപ്പെടുത്തേണ്ട ; സൗദി പ്രവാസികള്‍ക്ക് ആശ്വാസം

കോഴിക്കോട്: പാസ്‌പോര്‍ട്ടില്‍ ജീവിതപങ്കാളിയുടെ പേര് ഇല്ലാതിരിക്കുകയോ പേര് വിവരങ്ങളില്‍ പൊരുത്തക്കേട് ഉണ്ടാവുകയോ ചെയ്യുമ്പോള്‍ സൗദി അറേബ്യയിലേക്ക് ഫാമിലി വിസ സ്റ്റാമ്പ് ചെയ്യാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് എംബസി സാക്ഷ്യപ്പെടുത്തണമെന്ന നിബന്ധന ഒഴിവാക്കി. സൗദിയിലേക്കുള്ള വിസ സേവനങ്ങള്‍ നല്‍കുന്ന വിഎഫ്എസ് ഇക്കാര്യം അറിയിച്ച് നോട്ടിസ് പുറത്തിറക്കി.

വിവാഹ സര്‍ട്ടിഫിക്കറ്റ് എംബസി സാക്ഷ്യപ്പെടുത്തുന്നതിന് പകരം അപ്പോസ്റ്റാല്‍ അറ്റസ്റ്റേഷന്‍ മതിയാവും. വിദേശകാര്യ മന്ത്രാലയമാണ് അപ്പോസ്റ്റാല്‍ നല്‍കുന്നത്. സൗദിയിലേക്ക് യാത്ര പോകാന്‍ ഉദ്ദേശിക്കുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് ഗുണകരമാണ് പുതിയ തീരുമാനം. ഫാമിലി വിസ സ്റ്റാമ്പ് ചെയ്യാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ എളുപ്പമാക്കുന്നതിനാണ് വിഎഫ്എസ് വ്യവസ്ഥയില്‍ ഇളവ് വരുത്തിയത്. എംബസിയുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ലഭിക്കാന്‍ വലിയ കാലതാമസം നേരിട്ടിരുന്നു. എംബസിക്ക് അപേക്ഷ നല്‍കി ആഴ്ചകളോളം ഇതിനായി കാത്തിരിക്കേണ്ടിവരുന്നത് കാരണം പലര്‍ക്കും യഥാസമയം കുടുംബത്തോടൊപ്പം യാത്രചെയ്യാന്‍ സാധിക്കാത്തത് ഉള്‍പ്പെടെ പലവിധ പ്രയാസങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

ഭാര്യയെ സൗദിയിലേക്ക് കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നയാളുടെ പാസ്‌പോര്‍ട്ടില്‍ ഭാര്യയുടെ പേര് ഉണ്ടായിരിക്കണമെന്നാണ് നിയമം. പേര് ഇല്ലാതിരിക്കുകയോ പേര് വിവരങ്ങളില്‍ എന്തെങ്കിലും വ്യത്യാസം സംഭവിക്കുകയോ ചെയ്യുമ്പോഴാണ് ദമ്പതികളാണെന്ന് തെളിയിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷന്‍ ആവശ്യമായി വരുന്നത്. ഫാമിലി വിസ സ്റ്റാമ്പ് ചെയ്യാന്‍ ഇത് നിര്‍ബന്ധമായിരുന്നു. ജനറല്‍ സര്‍വ്വീസ് ചെയ്യുന്ന കേരളത്തിലെ ഏതെങ്കിലും ട്രാവല്‍സ് വഴി വിദേശകാര്യ മന്ത്രാലയത്തിന്റെ അപ്പോസ്റ്റാല്‍ അറ്റസ്റ്റേഷന്‍ നേടാവുന്നതാണ്. നിലവില്‍ സൗദിയിലെ വിവിധ വിസ സ്റ്റാമ്പിങ് പൂര്‍ത്തീകരിക്കാന്‍ അപ്പോസ്റ്റല്‍ അറ്റസ്റ്റേഷന്‍ ആവശ്യമാണ്. രണ്ടായിരം രൂപ വരെയാണ് ഇതിനായി ട്രാവല്‍സുകളുടെ സര്‍വീസ് ചാര്‍ജ്.

Leave A Reply

Your email address will not be published.