ജെ.ബി. കോശി കമ്മീഷൻ ശിപാർശകൾ പരിശോധിക്കാൻ കമ്മിറ്റിയെ നിയോഗിച്ച സർക്കാർ ഉത്തരവ് സ്വാഗതാർഹം; കെസിബിസി ജാഗ്രത കമ്മീഷൻ
തിരുവനന്തപുരം : ക്രൈസ്തവ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിച്ച് തയ്യാറാക്കപ്പെട്ടിരിക്കുന്ന ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്റെ റിപ്പോർട്ടിലെ ശിപാർശകൾ പരിശോധിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചിരിക്കുന്നത് സ്വാഗതാർഹമാണ്. ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ വിശദമായ പഠനങ്ങൾക്ക് ശേഷം മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ച് പത്തു മാസത്തോളമാകുന്നു. എന്നാൽ, ഇതുവരെയും നിയമസഭയും മന്ത്രിസഭയും ഈ വിഷയം ചർച്ച ചെയ്യാത്തതിലും, വിവിധ സർക്കാർ വകുപ്പുകൾക്ക് കമ്മീഷൻ റിപ്പോർട്ട് നൽകി അഭിപ്രായം ആരാഞ്ഞിട്ടും തുടർ നടപടികൾ ഉണ്ടാകാതിരുന്നതിലും, കമ്മീഷൻ റിപ്പോർട്ട് ഇതുവരെയും പൂർണ്ണമായി പുറത്തുവിടാത്തതിലും ക്രൈസ്തവ സമൂഹത്തിന് ശക്തമായ പ്രതിഷേധമുണ്ട്.
