നൈജീരിയ : നൈജീരിയയിൽ ക്രൈസ്തവർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ അമേരിക്ക നടത്തിയ സൈനിക ഇടപെടലുകൾ പൂർണ്ണമായി ഫലം കണ്ടില്ലെന്ന് വെളിപ്പെടുത്തൽ. തട്ടിക്കൊണ്ടുപോകപ്പെട്ട ക്രൈസ്തവ സ്ത്രീകളെയും കുട്ടികളെയും നിർബന്ധിത മതപരിവർത്തനത്തിൽ നിന്ന് രക്ഷിക്കാൻ പോരാടുന്ന ‘ജാബെസ് മൂസ’ എന്ന അഭിഭാഷകനാണ് രാജ്യത്തെ ദാരുണമായ വിവരങ്ങൾ പങ്കുവെച്ചത്.
തുടക്കത്തിൽ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങൾ പ്രതീക്ഷ നൽകിയെങ്കിലും, പിന്നീട് സൈന്യത്തെ പിൻവലിച്ചത് വലിയ തിരിച്ചടിയായി. ഇതോടെ ഇസ്ലാമിക് സ്റ്റേറ്റ്, ഫുലാനി തീവ്രവാദികൾ തന്ത്രങ്ങൾ മാറ്റി അക്രമം ശക്തമാക്കി. മധ്യ നൈജീരിയയിൽ നിന്ന് ഇപ്പോൾ ദക്ഷിണ ഭാഗങ്ങളിലേക്കും ക്രൈസ്തവ ഗ്രാമങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ വ്യാപിക്കുകയാണ്.
ഗ്രാമങ്ങളിൽ അതിക്രമിച്ചു കയറുന്ന തീവ്രവാദികൾ സ്ത്രീകളെയും കുട്ടികളെയും കാടുകളിലേക്ക് തട്ടിക്കൊണ്ടുപോകുന്നു. ദിവസങ്ങളോളം പട്ടിണി കിടന്ന് കാട്ടിലൂടെ നടക്കേണ്ടി വന്നതിനെ തുടർന്ന് ഒരു നാല് വയസ്സുകാരി മരിച്ചതും, യാതൊരു മെഡിക്കൽ സൗകര്യങ്ങളുമില്ലാതെ തടവിൽ ജനിച്ച കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചതുമായ ദാരുണ സംഭവങ്ങൾ അഭിഭാഷകൻ പങ്കുവെച്ചു.

Comments are closed.