തിരുവല്ല: പണം കൊടുത്തും പ്രലോഭിപ്പിച്ചും അംഗസംഖ്യ വർദ്ധിപ്പിക്കുന്ന പ്രസ്ഥാനമാണ് പെന്തക്കോസ്ത് എന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന തികച്ചും ബാലിശവും വ്യാജവുമാണെന്ന് പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ. ഇത്തരം പ്രസ്താവനകൾ പുച്ഛിച്ച് തള്ളുന്നതായും എന്തെങ്കിലും യാഥാർത്ഥ്യം ഉണ്ടെങ്കിൽ അത് തെളിയിക്കേണ്ട ഉത്തരവാദിത്തം വെള്ളാപ്പള്ളിയുടെത് മാത്രമാണെന്നും പിസിഐ ജനറൽ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.
ലോകമെങ്ങും ഒരു കൊടുങ്കാറ്റ് പോലെ പടർന്ന് പന്തലിക്കുകയാണ് പെന്തക്കോസ്ത്. ഉപദേശങ്ങളിലുള്ള വ്യക്തതയും ബൈബിളിനോടുള്ള പ്രതിബദ്ധതയും മാത്രമാണ് അതിന് കാരണം. പെന്തക്കോസ്തുകാർ ആരെയും മതം മാറ്റുന്നവരല്ല, പകരം മാനസാന്തരത്തിന്റെ സന്ദേശം ലോകത്തോട കലർപ്പില്ലാതെ വിളിച്ചു പറയുന്നവരാണ്. ജനങ്ങളെ ലഹരിയിലേക്കും മറ്റ് ദുരാചാര പ്രവർത്തനങ്ങളിലേക്കും തള്ളിവിടുന്ന മദ്യമയക്കുമരുന്നുകൾക്ക് എതിരെയും ശബ്ദം മുഴക്കുന്നവരാണ്. യേശുക്രിസ്തുവിന്റെ സന്ദേശം സധൈര്യം സമൂഹത്തോട് ഘോഷിക്കുന്നവരാണ്. അത് കേൾക്കുമ്പോൾ വെള്ളാപ്പള്ളി വിറളിപിടിക്കേണ്ടതില്ല; നാളെ ഒരിക്കൽ വെള്ളാപ്പള്ളിയും മാനസാന്തരപ്പെട്ട് സത്യ സുവിശേഷത്തിന്റെ ഘോഷണത്തിൽ ഞങ്ങൾക്കൊപ്പം പങ്കാളിയാകണമെന്നാണ് പ്രാർത്ഥന – പി സി ഐ ജനറൽ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.
