Ultimate magazine theme for WordPress.

സംസ്ഥാനത്തിന് 9.73 ലക്ഷം ഡോസ് വാക്സിന്‍ കൂടി ലഭിച്ചു

തിരുവനന്തപുരം: കേരളത്തിന് 9,72,590 ഡോസ് കൊവിഡ് പ്രതിരോധ വാക്സിന്‍ കൂടി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 8,97,870 ഡോസ് കൊവിഷീല്‍ഡ് വാക്സിനും 74,720 ഡോസ് കോവാക്സിനുമാണ് ലഭ്യമായിട്ടുള്ളത്.

എറണാകുളത്ത് അഞ്ച് ലക്ഷം കൊവീഷീല്‍ഡ് വാക്സിന്‍ എത്തിയിട്ടുണ്ട്. ഇതുകൂടാതെ എറണാകുളത്ത് 1,72,380 ഡോസ് കൊവിഷീല്‍ഡ് വാക്സിനും കോഴിക്കോട് 77,220 ഡോസ് കൊവീഷില്‍ഡ് വാക്സിനും എത്തിയിരുന്നു. തിരുവനന്തപുരത്ത് 25,500, എറണാകുളത്ത് 28,740, കോഴിക്കോട് 20,480 എന്നിങ്ങനെ ഡോസ് കൊവാക്സിനും എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് 1,48,270 ഡോസ് കൊവീഷീല്‍ഡ് വാക്സിന്‍ രാത്രിയോടെ എത്തുന്നതാണ്. ഇന്ന് വൈകിയാണ് വാക്സിന്‍ ലഭിച്ചത്. ലഭ്യമായ വാക്സിന്‍ എത്രയും വേഗം വാക്സിനേഷന്‍ കേന്ദ്രങ്ങളിലെത്തിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇപ്പോള്‍ ലഭിച്ച വാക്സിന്‍ മൂന്ന് നാല് ദിവസത്തേക്ക് മാത്രമേയുള്ളൂ. അതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വാക്സിന്‍ ആവശ്യമുണ്ട്. വാക്സിന്‍ ക്ഷാമം നേരിടുന്ന സംസ്ഥാനത്തിന് എത്രയും വേഗം ആവശ്യമായ വാക്സിന്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഇടത് എംപിമാര്‍ നടത്തിയ ചര്‍ച്ചയില്‍ കേരളത്തിന് കൂടുതല്‍ വാക്സിന്‍ ഡോസുകള്‍ എത്രയും വേഗം അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഉറപ്പ് നല്‍കിയിരുന്നു.

സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,90,02,710 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. അതില്‍ 1,32,86,462 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 57,16,248 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്.

Sharjah city AG

Comments are closed.