സാവോപോളോ : ജീവിതത്തിന്റെ രഹസ്യം പ്രാർത്ഥനയാണെന്നു ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കന്യാസ്ത്രീയായ സിസ്റ്റർ ‘ഇനാ കാനബാരോ ലൂക്കാസ്’. തെരേസിയന്‍ സന്യാസിനി സമൂഹാംഗമായ സിസ്റ്റര്‍ ഇനാ കാനബാരോ ബ്രസീലിലെയും ലാറ്റിനമേരിക്കയിലെയും ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടിയാണ്. എന്റെ രഹസ്യം, എന്റെ മഹത്തായ രഹസ്യം, പ്രാർത്ഥിക്കുക എന്നതാണെന്നും ലോകമെമ്പാടുമുള്ള എല്ലാ ആളുകൾക്കും വേണ്ടി എല്ലാ ദിവസവും പ്രാർത്ഥിക്കുന്നുണ്ടെന്നും സിസ്റ്റര്‍ ഇനാ പറഞ്ഞു. കാത്തലിക് ന്യൂസ് ഏജന്‍സിയുടെ പോർച്ചുഗീസ് ഭാഷാ വാർത്ത പങ്കാളിയായ എസിഐ ഡിജിറ്റലിന് നല്‍കിയ അഭിമുഖത്തിലാണ് സിസ്റ്റര്‍ തന്റെ ആത്മീയ ജീവിത രഹസ്യം വെളിപ്പെടുത്തിയത്.
1908 മെയ് 27-ന് പടിഞ്ഞാറൻ-മധ്യ റിയോ ഗ്രാൻഡെ ഡോ സുളിലെ സാവോ ഫ്രാൻസിസ്കോ ഡി അസ്സിസ് പട്ടണത്തിലാണ് ഇനാ കാനബാരോ ലൂക്കാസ് ജനിച്ചത്. ഏഴ് കുട്ടികളിൽ രണ്ടാമത്തെ ആള്‍. ചെറുപ്പത്തിലെ സന്യാസ ജീവിതത്തെ കുറിച്ച് അറിഞ്ഞ അവള്‍ സമര്‍പ്പിത ജീവിതത്തില്‍ ആകൃഷ്ട്ടയായി. 19-ാം വയസ്സിൽ ഉറുഗ്വേയിലെ മോണ്ടെവീഡിയോയിലുള്ള ടെറേഷ്യൻ സിസ്റ്റേഴ്‌സിനോടൊപ്പം നോവിഷ്യേറ്റ് ചെയ്യാൻ തീരുമാനിച്ചു. പിന്നീട് സന്യാസിനിയായി.
തന്റെ ജീവിതകാലത്തിലെ സിംഹഭാഗവും അധ്യാപികയായിരുന്നു സിസ്റ്റർ ഇനാ. റിയോ ഡി ജനീറോയിലും ഇറ്റാക്വിയിലെ ടെറേഷ്യൻ സ്കൂളുകളിലും പോർച്ചുഗീസ്, ഗണിതം, ശാസ്ത്രം, ചരിത്രം, കല തുടങ്ങീ വിവിധ വിഷയങ്ങള്‍ സിസ്റ്റര്‍ പഠിപ്പിച്ചിരിന്നു. ഇതിനിടെ അനേകര്‍ക്ക് ക്രിസ്തുവിന് പകര്‍ന്നു നല്‍കി. ഒരു നൂറ്റാണ്ടില്‍ അധികം നീണ്ട ജീവിതത്തിനിടെ രണ്ട് ലോക മഹായുദ്ധങ്ങള്‍, പത്തു മാര്‍പാപ്പമാര്‍ സഭയെ നയിച്ചത് ഉള്‍പ്പെടെ അനേകം ചരിത്ര സംഭവങ്ങള്‍ക്കു ദൃക്സാക്ഷിയായി.
ഇന ജനിച്ച വർഷം പത്താം പീയൂസ് ആയിരുന്നു അന്നത്തെ മാര്‍പാപ്പ. സന്യാസ ജീവിതം, വിശ്വാസം, സൽസ്വഭാവം, ദയയും നർമ്മബോധവുമുള്ള വ്യക്തിയാണ് സിസ്റ്റർ ഇനായെന്ന് സിസ്റ്ററിന്റെ കുടുംബാംഗം പറയുന്നു. റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്തിലെ സാൻ്റോ എൻറിക് ഡി ഓസ്സോ ഹോമിലെ പോർട്ടോ അലെഗ്രെയില്‍ സ്ഥിതി ചെയ്യുന്ന ബ്രസീൽ തെരേസിയൻ സിസ്റ്റേഴ്സിന്റെ പ്രോവിൻഷ്യൽ ഹൗസിലാണ് സിസ്റ്റര്‍ നിലവില്‍ വിശ്രമ ജീവിതം നയിക്കുന്നത്.