മതപരിവർത്തന നിരോധന ബിൽ കർണാടക നിയമസഭ പാസാക്കി
പ്രതിപക്ഷ പ്രതിഷേധത്തിനിടെ കർണാടക നിയമസഭ മതപരിവർത്തന നിരോധന ബിൽ പാസാക്കി. ശബ്ദവോട്ടോടെയാണു കർണാടക പ്രൊട്ടക്ഷൻ ഓഫ് റിലീജിയൻ ബിൽ, 2021 പാസാക്കിയത്. ബിൽ ഭരണഘടനാപരവും നിയമപരവുമാണെന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. മതപരിവർത്തന നിരോധന ബിൽ മനുഷ്യത്വവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നു കോൺഗ്രസ് കുറ്റപ്പെടുത്തി. ജെഡി-എസും ബില്ലിനെ എതിർത്തു. ബിൽ നിയമമാകണമെങ്കിൽ ലെജിസ്ളേറ്റീവ് കൗൺസിലിലും പാസാകണം. 75 അംഗ കൗൺസിലിൽ ബിജെപിക്ക് 37 അംഗങ്ങളാണുള്ളത്. സ്വതന്ത്രൻ പിന്തുണച്ചാൽ ബിൽ പാസാക്കാം. ചൊവ്വാഴ്ചയാണു ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. ബില്ലിനെതിരേ ക്രൈസ്തവസമൂഹം രംഗത്തെത്തിയിരുന്നു. ബിൽ പാസാക്കുന്നതോടെ തങ്ങളുടെ സ്ഥാപനങ്ങൾക്കുനേരേ ആക്രമണങ്ങൾ വർധിക്കുമെന്നു ക്രൈസ്തവസമൂഹം ഭയക്കുന്നു. ക്രൈസ്തവവിരുദ്ധ നിയമമെന്നാണു ബില്ലിനെ ബാംഗളൂർ ആർച്ച്ബിഷപ് ഡോ. പീറ്റർ മച്ചാഡോ വിശേഷിപ്പിച്ചത്. ക്രൈസ്തവരെ ലക്ഷ്യമിട്ടാണു ബിൽ അവതരിപ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിർബന്ധം, സമ്മർദം, പ്രലോഭനം എന്നിവയിലൂടെയോ മറ്റേതെങ്കിലും കപടമാർഗങ്ങളിലൂടെയോ നടത്തുന്ന മതപരിവർത്തനം തടയുന്നതാണു കർണാടക മതസ്വാതന്ത്ര്യ അവകാശസംരക്ഷണ ബിൽ 2021. ബില്ലിൽ പറയുന്ന വ്യവസ്ഥയ്ക്കു വിരുദ്ധമായി പ്രവർത്തിച്ചാൽ മൂന്നു മുതൽ അഞ്ചു വരെ വർഷം തടവും 25,000 രൂപ പിഴയും ചുമ ത്തും. സ്ത്രീകൾ, കുട്ടികൾ, പട്ടികവിഭാഗക്കാർ എന്നിവർക്കെതിരേയാണു കുറ്റമെങ്കിൽ മൂന്നു മുതൽ പത്തു വരെ വർഷം തടവും 50,000 രൂപ പിഴയുമാണു ശിക്ഷ. മതപരിവർത്തനം ചെയ്യപ്പെട്ടവർക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ബില്ലിൽ വ്യവസ്ഥയുണ്ട്. വൻതോതിൽ മതപരിവർത്തനം നടത്തിയാൽ 3-10 വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കും. വിവാഹവാഗ്ദാനം നല്കിയുള്ള മതംമാറ്റവും കുറ്റകൃത്യത്തിന്റെ പരിധിയിൽ വരും. മതപരിവർത്തനം ലക്ഷ്യമാക്കി നടത്തുന്ന വിവാഹങ്ങൾ അസാധുവാകുമെന്നും ബില്ലിൽ പറയുന്നു.മതപരിവർത്തന നിരോധന ബില്ലിൽ ചർച്ച തുടരണമെന്നാവശ്യപ്പെട്ട് ഇന്നലെ കോൺഗ്രസ് അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങിയെങ്കിലും ഭരണപക്ഷം വഴങ്ങിയില്ല. മതപരിവർത്തന നിരോധന ബില്ലിനു തുടക്കമിട്ടതു സിദ്ധരാമയ്യ നേതൃത്വം നല്കിയ സർക്കാരാണെന്ന് ബിജെപി ആരോപിച്ചതോടെ കോൺഗ്രസ് പ്രതിരോധത്തിലായി. ഇതിന്റെ രേഖകൾ ബിജെപി സഭയിൽ വയ്ക്കുകയും ചെയ്തു.
എന്നാൽ, ആരോപണങ്ങൾ, പ്രതിപക്ഷനേതാവായ സിദ്ധരാമയ്യ നിഷേധിച്ചു. മതപരിവർത്തന നിരോധന ബില്ലിനു പിന്നിൽ ആർഎസ്എസ് ആണെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രയാണു ബില്ലവതരിപ്പിച്ചത്. എട്ടു സംസ്ഥാനങ്ങൾ മതപരിവർത്തന നിരോധന നിയമം പാസാക്കിയിട്ടുണ്ടെന്നും കർണാടക ഒന്പതാമത്തെ സംസ്ഥാനമാണെന്നും ജ്ഞാനേന്ദ്ര പറഞ്ഞു.
