Ultimate magazine theme for WordPress.

ജീവിതത്തിന്റെ ഒറ്റപ്പെടലിൽ ഒപ്പം ചേരാൻ ക്രിസ്തു എത്തുമെന്ന പ്രത്യാശ നമ്മെ നയിക്കണം: റവ.സിബി.ടി. മാത്യൂസ്

കൊട്ടാരക്കര : ജീവിതത്തിൻ്റെ ഏകാന്തതയിൽ ഞാനുണ്ട് കൂടെ എന്നു പറയുന്നവർ വിരളമാകുന്ന കാലിക സമൂഹത്തിൽ ഒപ്പം ചേർക്കാൻ ക്രിസ്തു എത്തുമെന്ന പ്രത്യാശ നമ്മെ നയിക്കണമെന്ന് റവ.സിബി.ടി.മാത്യൂസ്
പറഞ്ഞു.കൊട്ടാരക്കര മാർത്തോമാ കൺവെൻഷനിലെ മൂന്നാം ദിന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വഴിതെറ്റുന്നവന് വഴികാട്ടിയായി ഉയർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സാന്നിധ്യം കൂടെയുണ്ടാകുമെന്നും കാത്തിരിക്കുന്ന ദൈവ സ്നേഹത്തിന് മുമ്പിൽ തിരികെ വന്ന മനുഷ്യൻ നൽകുന്ന മറുപടിയാണ് അനുതാപമെന്നും അദ്ദേഹം പറഞ്ഞു. ഭദ്രാസനാധിപൻ ഡോ.തോമസ് മാർ തീത്തോസ് അധ്യക്ഷത വഹിച്ചു.

റവ.എം.സാമുവെൽ,റവ. ജോർജ് വർഗീസ്, ജോർജ് പണിക്കർ എന്നിവർ പ്രസംഗിച്ചു.രാവിലെ നടന്ന റിന്യൂവൽ കോൺഫറൻസിൽ റവ.ഡോ.കോശി.പി. വർഗീസ് പ്രസംഗിച്ചു.
ഒരു ശരീരത്തിലെ അവയവങ്ങൾ തമ്മിലുള്ള ജൈവികബന്ധം പോലെയാണ് വിശ്വാസ സമൂഹത്തിലെ മനുഷ്യബന്ധങ്ങളെന്നും ഒരു വ്യക്തിയുടെ അഭിമാനവും നൊമ്പരങ്ങളും മുഴുവൻ ശരീരത്തിന്റെ അഭിമാനവും വേദനയുമാകണം.
അനുരഞ്ജനം ദൈവീക പദ്ധതിയാണെന്നും അതിന്റെ വക്താക്കളായി ക്രൂശിന്റെ മറവിൽ മറയുവാനും ക്രൂശിതനായ ക്രിസ്തുവിൻ്റെ മഹത്വം മറ്റുള്ളവരിലേക്ക് പകരപ്പെടാനും നമുക്ക് കഴിയണമെന്ന് രണ്ടാം ദിന യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തിയ റവ.ഡോ. മോത്തി വർക്കി പറഞ്ഞു.

ഇന്ന് രാവിലെ 9.30ന് നടക്കുന്ന റിന്യൂവൽ കോൺഫറൻസിൽ
റവ.ഡോ.കോശി.പി. വർഗീസും വൈകിട്ട് 6.30 ന് പൊതുയോഗത്തിൽ ഇവാ. ജോളി മാരാമണും മുഖ്യ സന്ദേശം നൽകും.

Sharjah city AG