കൊട്ടാരക്കര: തെക്കിന്റെ മാരാമൺ കൺവെൻഷൻ എന്നറിയപ്പെടുന്ന കൊട്ടാരക്കര മാർത്തോമ്മാ കൺവെൻഷന് മാർത്തോമ്മാ എപ്പിസ്കോപ്പൽ ജൂബിലി മന്ദിരാങ്കണത്തിൽ തയ്യാറാക്കിയ പന്തലിൽ പ്രാർത്ഥനാ നിർഭരമായ അന്തരീക്ഷത്തിൽ അനുഗ്രഹീത തുടക്കം.കൊട്ടാരക്കര -പുനലൂർ ഭദ്രാസനത്തിന്റെ നേതൃത്വത്തിലുള്ള 67 -ാമത് കൺവെൻഷൻ ഭദ്രാസനാധിപൻ ഡോ.തോമസ് മാർ തീത്തോസ് ഉദ്ഘാടനം ചെയ്തു.
തിരുവചനം നമ്മുടെ ആത്മീയ ജീവിതത്തിൽ തിരുത്തൽ ശക്തിയായി മാറണമെന്നും നമ്മുടെ കുറവുകളെ മനസ്സിലാക്കി ദൈവം മുഖം അന്വേഷിക്കുമ്പോൾ സ്വർഗീയ അനുഗ്രഹം നാം പ്രാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അയൽക്കാരനെ നഷ്ടപ്പെട്ട കാലിക സമൂഹത്തിൽ അപരനെ മനസിലാക്കി പ്രാർത്ഥനയിലൂടെ നന്മ നിറഞ്ഞ ദിനരാത്രങ്ങളായി വചനഘോഷണം മാറുവാൻ പ്രാർത്ഥനാപൂർവ്വം കൺവെൻഷനിൽ പങ്കെടുക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്തു.
നമ്മുടെ വ്യക്തി ജീവിതത്തേയും കുടുംബ ജീവിതത്തേയും ചിട്ടപ്പെടുത്തുവൻ നിരന്തമായ പ്രാർത്ഥനയിലൂടെയും അനുതാപത്തിലൂടെയും നമുക്ക് കഴിയണമെന്നും മിന്നിമറിയുന്ന ഈ ലോകത്തിൽ കേവലം മണ്ണായി അവസാനിക്കുകയല്ല
ജീവിതമെന്നും ദൈവം ആഗ്രഹിക്കുന്ന തരത്തിൽ പൂർണ്ണതയിൽ എത്തിച്ചേരുവാൻ നമുക്ക് സാധിക്കണമെന്നും മുഖ്യ സന്ദേശത്തിൽ റവ.എ. റ്റി.സഖറിയ പറഞ്ഞു.
വികാരി ജനറൽ
വെരി.റവ.കെ.വൈ. ജേക്കബ്, ഭദ്രാസന സെക്രട്ടറി റവ. ഷിബു എബ്രഹാം ജോൺ, റവ. ഷിബു സാമുവൽ, റവ. സ്കറിയ തോമസ്, റവ. തോമസ് മാത്യു, റവ. ജോർജ്ജ് വർഗ്ഗീസ്, പി ജെ ഡേവിഡ്, ട്രഷറർ കെ.ജോർജ് പണിക്കർ എന്നിവർ പ്രസംഗിച്ചു.
രണ്ടാം ദിവസം രാത്രി യോഗത്തിൽ റവ.മോത്തി വർക്കി മുഖ്യ സന്ദേശം നൽകി. ഇന്ന് രാവിലെ 9:30 നു റിന്യൂവൽ കോൺഫറൻസിനു റവ. ഡോ. കോശി പി വർഗീസും വൈകുന്നേരത്തെ 6.30 നുള്ള യോഗത്തിൽ റവ. സിബി. റ്റി. മാത്യൂസും മുഖ്യ സന്ദേശം നൽകും.
