അമ്മാൻ: ഒമ്പത് പേരുടെ ജീവനെടുത്ത ദേവാലയ ഭീകരാക്രമണക്കേസിൽ മൂന്ന് പേർക്ക് ജോർദാൻ സ്റ്റേറ്റ് സെക്യൂരിറ്റി കോടതി തൂക്കിലേറ്റാൻ വിധിച്ചു. ഒക്ടോബർ 23ന് കരാക് പ്രവിശ്യയിലെ ഹമ്മൂദ് ഗ്രാമത്തിലെ ഗ്രീക്ക് ഓർത്തഡോക്സ് ദേവാലയത്തിൽ ശവസംസ്കാര ശുശ്രൂഷയ്ക്കിടെ നടന്ന വെടിവയ്പ്പിലാണ് ഒമ്പത് പേർ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ 25 പേർക്ക് പരിക്കേറ്റിരുന്നു.
രണ്ട് സഹോദരന്മാരും അവരുടെ ബന്ധുവുമാണ് ശിക്ഷിക്കപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട ഇവരെ മൂന്ന് ദിവസത്തിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ഭീകരാക്രമണം, ഗൂഢാലോചന, ആയുധക്കുറ്റങ്ങൾ, ഭീകരസംഘടനയുടെ ആശയങ്ങൾ പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ തെളിഞ്ഞത്.
വിധിക്കെതിരെ അപ്പീൽ നൽകാൻ പ്രതികൾക്ക് അവസരമുണ്ട്. വിധി കോർട്ട് ഓഫ് കസേഷൻ സ്വമേധയാ പുനഃപരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. മുസ്ലിം ഭൂരിപക്ഷ രാജ്യത്തെ ക്രൈസ്തവ ന്യൂനപക്ഷത്തെ ലക്ഷ്യമിട്ട അപൂർവ ആക്രമണമാണ് രാജ്യത്തെ ഞെട്ടിച്ചത്.

Comments are closed.