സ്റ്റേസി, സ്റ്റീവൻ സഹോദരങ്ങൾക്കു ഡോക്ടറേറ്റ് ഒരേ ദിവസം, ഒരേ വേദിയിൽ
ഡാളസ് : അമേരിക്കയിൽ ഇത് ഗ്രാജുവേഷൻ സീസനാണ്. തങ്ങളുടെ കഷ്ടപ്പാടിനും അധ്വാനത്തിനും പ്രതിഫലം കിട്ടിയതിന്റെ പുഞ്ചിരിയുമായി ഗ്രാജുവേഷൻ ഗൗണണിഞ്ഞ് തലയുയർത്തി നിൽക്കുന്ന വിദ്യാർത്ഥികൾ കാഴ്ചക്കാരിലും ആഹ്ലാദം പരത്തും. എന്നാൽ ഒരു കുടുംബത്തിൽ നിന്ന് ഒരു സഹോദരനും ഒരു സഹോദരിയും മണിക്കൂറുകളുടെ മാത്രം വിത്യാസത്തിൽ ഡോക്ടർമാരാകാനും, തങ്ങളുടെ അഭ്യർത്ഥന മാനിച്ച് അധികൃതർ ഒരേ വേദിയിൽ അവസരം ഒരുക്കുകയും ഒരുമിച്ച് അനുഭവം പങ്കിടുവാൻ സാധിക്കുകയും ചെയ്യുമ്പോൾ ഇരട്ടി മധുരമുള്ള സന്ദർഭമാണ്.
തങ്ങളുടെ കുടുംബത്തിൽ നിന്ന് ആദ്യമായി ഡോക്ടർമാരാകാൻ കഴിഞ്ഞതിന് പിമ്പിൽ ദൈവകൃപയും തങ്ങളുടെ പഠനം വിജയമാകാൻ ത്യാ ഗപൂർണമായ പിന്തുണയോടെ ഒപ്പം നിന്ന മാതാപിതാക്കളും ആണെന്ന് സഹോദരങ്ങളായ സ്റ്റേസി ഫിലിപ്പും, സ്റ്റീവൻ ഫിലിപ്പും ഉറപ്പിച്ചു പറയുന്നു. 1990 – ൽ ഡാളസിലേക്ക് കുടിയേറിയ മാവേലിക്കര അറുന്നൂറ്റിമംഗലം പുന്നയ്ക്കൽ തെക്കേതിൽ ഫിലിപ്പ് ബേബിയുടെയും ഷേർളി ഫിലിപ്പിന്റെയും മക്കളാണ് മെഡിക്കൽ ഡോക്ടറായി ഗ്രാജുവേറ്റ് ചെയ്ത സ്റ്റേസിയും ഫാർമസിയിൽ ഡോക്ടറേറ്റ് നേടിയ സ്റ്റീവനും. ഇവരുടെ ഇളയ സഹോദരൻ സ്റ്റാൻലി ഫിലിപ്പ് ദന്തൽ ഡോക്ടറേറ്റ് പഠനത്തിലാണ്. ടെക്സാസ് ടെക്ക് യൂണിവേഴ്സിറ്റി ഹെൽത്ത് സയൻസ് സെന്റർ സ്കൂൾ ഓഫ് മെഡിസിനിൽ നിന്ന് സ്റ്റേസി ബിരുദം നേടിയപ്പോൾ ടെക്സാസ് ടെക്ക് യൂണിവേഴ്സിറ്റി ഹെൽത്ത് സയൻസ് സെന്ററിലെ ജെറി എയ്ച്ച് ഹോഡ്ജ് സ്കൂൾ ഓഫ് ഫാർമസിയിൽ നിന്ന് സ്റ്റീവനും ബിരുദം നേടി. ഐ.പി.സി മുൻ ജനറൽ വൈസ് പ്രസിഡണ്ട് ഡോ. ബേബി വർഗീസ് ശുശ്രൂഷിക്കുന്ന ഡാളസ് എ.പി.സി. എബനേസർ ഫുൾ ഗോസ്പൽ ചർച്ച് അംഗങ്ങളാണ് ഈ കുടുംബം
