ഇടുക്കിയില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസ് കോംപ്ലക്‌സും മള്‍ട്ടി പര്‍പ്പസ് സ്റ്റേഡിയവും
വോളിബോള്‍ അക്കൗഡമി നവീകരിക്കും ഇടുക്കി കായിക രംഗത്തെ കുതിപ്പിന് 20 കോടിയുടെ പദ്ധതി
തിരുവനന്തപുരം: കായിക ഭുപടത്തില്‍ ഇടുക്കി ജില്ലയുടെ കുതിപ്പ് ലക്ഷ്യം വച്ച് 20 കോടി രൂപയുടെ പദ്ധതിയുമായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഇന്നലെ തിരുവനന്തപുരത്ത് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാനുമൊത്ത് നടത്തിയ യോഗത്തിലാണ് ഇടുക്കിയിലെ കായിക മേഖലയ്ക്ക് പുതിയ ഉണര്‍വ് പകരുന്ന നടപടികള്‍ക്ക് തുടക്കമായത്. ഐഡിഎ ഗ്രൗണ്ടില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസ് കോംപ്ലക്‌സും മള്‍ട്ടി പര്‍പ്പസ് സ്‌റ്റേഡിയവും അനുബന്ധ സൗകര്യങ്ങളും അടങ്ങുന്നതാണ് പദ്ധതി. സമീപത്ത് നിലവിലുള്ള വോളിബോള്‍ അക്കാഡമി നവീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
പത്തര ഏക്കര്‍ സ്ഥലത്ത് ഫുട്‌ബോള്‍ സ്‌റ്റേഡിയവും ഇന്‍ഡോര്‍ സ്‌റ്റേഡിയവും സൈക്കിള്‍ വെലോഡ്രോമും ഉള്‍പ്പെടെയുള്ള സൗകര്യം ഒരുക്കും. മത്സരങ്ങള്‍ക്കായി എത്തുന്ന കായിക താരങ്ങള്‍ക്ക് താമസിക്കുന്നതിനായി സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ ഭാഗമായി ഡോര്‍മെട്രി നിര്‍മിക്കും. കായിക മത്സരങ്ങള്‍ ഇല്ലാത്തപ്പോള്‍ ഇടുക്കിയില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്കു കൂടി പ്രയോജനപ്പെടുന്ന തരത്തിലാണ് പദ്ധിതി വിഭാവനം ചെയ്യുക.
കായിക താരങ്ങള്‍ക്കൊപ്പം എത്തുന്ന പരിശീലകര്‍ക്കും പ്രത്യേക താമസസൗകര്യം കോംപ്ലക്‌സിലുണ്ടാകും. ഒപ്പം ഗസ്റ്റ് ഹൗസ് സൗകര്യവും ഒരുക്കും. സ്ഥലമേറ്റെടുത്ത് നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഇടുക്കി ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ ഐഎഎസിനെ യോഗം ചുമതലപ്പെടുത്തി. അടുത്തയാഴ്ച കായിക മന്ത്രി ഇടുക്കി സന്ദര്‍ശിക്കുമ്പോള്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി നല്‍കും.
ഇന്ത്യയുടെ കായിക ചരിത്രത്തില്‍ തന്നെ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുള്ള ഇടുക്കിയില്‍ പുതിയ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് വരുന്നത് കേരളത്തിലെ തന്നെ കായിക രംഗത്തിന് ഉണര്‍വു പകരുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അഭിപ്രായപ്പെട്ടു. മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മന്ത്രി വി. അബ്ദുറഹ്‌മാന്‍, കായിക വകുപ്പ് ഡയറക്ടര്‍ ജെറോമിക് ജോര്‍ജ് ഐഎഎസ്, ഇടുക്കി ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ ഐഎഎസ്, ഇടുക്കി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റിയന്‍, സെക്രട്ടറി പി.കെ. കുര്യാക്കോസ്, കായിക വകുപ്പ് എഞ്ചിനിയറിങ് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
