നമീബിയ: എല്‍നിനോ പ്രതിഭാസത്തിന്റെ ഭാഗമായ വരള്‍ച്ചയില്‍പെട്ട് ആഫ്രിക്കയിലെ പന്ത്രണ്ട് രാജ്യങ്ങളിലെ ആറുകോടിയോളം ജനങ്ങള്‍ പട്ടിണിയില്‍. ബോട്സ്വാന, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഇസ്വാത്തിനി, ലെസോത്തോ, മഡഗാസ്‌കര്‍, മലാവി, മൊസാംബിക്, നമീബിയ, ദക്ഷിണാഫ്രിക്ക, ടാന്‍സാനിയ, സാംബിയ, സിംബാബ്വെ എന്നിവയാണ് വരള്‍ച്ചാ ഭീഷണി നേരിടുന്ന രാജ്യങ്ങള്‍.
പട്ടിണി സഹിക്കാന്‍ കഴിയാതെ വന്യമൃഗങ്ങളെ കൊന്നുതിന്നുന്ന അവസ്ഥയിലാണ് നമീബിയ. ഭക്ഷണത്തിന് പകരമായി, സമ്പന്നര്‍ക്ക് പെണ്‍മക്കളെ വിവാഹം കഴിച്ച് കൊടുക്കാന്‍ നിര്‍ബന്ധരാക്കപ്പെടുകയാണ് ദക്ഷിണാഫ്രിക്കയിലെ ഉള്‍ഗ്രാമങ്ങളിലെ രക്ഷിതാക്കള്‍ എന്ന് പ്രമുഖ പരിസ്ഥിതി ജേണലായ ഡൗണ്‍ ടു എര്‍ത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്ത്രീകളെയും കുട്ടികളെയുമാണ് വരള്‍ച്ച ഏറ്റവും മോശമായി ബാധിച്ചതെന്നും ഡൗണ്‍ ടു എര്‍ത്ത് റിപ്പോര്‍ട്ടില്‍ പറയുന്നു. വരള്‍ച്ചമൂലം ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം എന്നിവയിലൊക്കെ ഇവര്‍ പിറകോട്ടടിക്കയാണ്. യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഫോര്‍ ദി കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സിന്റെ കണക്കനുസരിച്ച്, 100 വര്‍ഷത്തിനിടെ ഈ പ്രദേശം കണ്ട ഏറ്റവും വലിയ വരള്‍ച്ചയാണിത്. അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ മൂന്നു കോടി ജനം ദുരിതത്തിലാവുമെന്നാണ് യുഎന്‍ ഏജന്‍സിയായ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ റിപ്പോര്‍ട്ട്. ഒന്നും തിന്നാനില്ലാത്ത പുല്ലുതിന്നുന്ന അതിഭയാനകമായ അവസ്ഥയിലേക്കാണ് ഈ രാജ്യങ്ങള്‍ പോവുന്നത്!
