ഓര്‍മ്മിക്കാം ഈയൊരു ദിനം; അവയവദാനം മഹാദാനം
ഇന്ന് ആഗസ്റ്റ് 13 ലോക അവയവദാന ദിനം. അവയവ ദാനത്തിന്റെ മഹത്വവുമായി അവയവദാനം മഹാദാനം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇത്തവണത്തെ ലോക അവയവദാനദിനം കടന്ന് പോകുന്നത്. ലോകം മുഴുവൻ മൂന്നരക്കോടി അന്ധരുണ്ടെന്നാണ് കണക്കുകൾ, അതിൽ ഒന്നരക്കോടിയിലധികം മനുഷ്യരും നമ്മുടെ രാജ്യത്താണ് ജീവിക്കുന്നത്. അതായത് അന്ധരുടെ ജനസംഖ്യയിൽ ഇന്ത്യക്കാണ് ഒന്നാം സ്ഥാനം.ഒന്നരക്കോടി മനുഷ്യരുടെ കാര്യത്തിൽ 75 ശതമാനം ആളുകളുടെ അന്ധതയും നാമൊന്നായി ശ്രമിച്ചാൽ മാറ്റാൻ കഴിയുന്നതാണ്. അതായത് ഒരുകോടിയിലധികം ആളുകൾക്ക് സുന്ദരമായ ഈ ഭൂമിയുടെ സൗന്ദര്യം ആസ്വദിക്കാൻ അവസരമൊരുക്കാൻ നമുക്ക് കഴിയും.മാറ്റിവയ്ക്കാനുള്ള അവയവങ്ങൾ ലഭ്യമല്ല എന്നതാണ് ഇതിനുള്ള പ്രധാന തടസ്സം. ഇത്രയധികം ജനസംഖ്യയുള്ള രാജ്യമായിട്ടും അവയവദാതാവിനെ കണ്ടെത്താൻ നമുക്ക് കഴിയുന്നില്ല എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. നേത്രചികിത്സകരുടെ അഭാവത്തോടൊപ്പം കണ്ണ് ദാനം ചെയ്യുന്നവരുടെ കുറവും ഒരു വലിയ കാരണമാണ്.മാറ്റിവെക്കാന്‍ അവയവം ലഭ്യമല്ലാത്തതിനാല്‍ മാത്രം ഓരോ മിനിട്ടിലും പതിനെട്ടു പേര്‍ വീതമാണ് ഈ ഭൂമിയില്‍ നിന്നും വിടവാങ്ങുന്നത്. ഏതെങ്കിലും ഒരു പ്രധാന അവയവത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നത് മൂലം പ്രതിവര്‍ഷം 5 ലക്ഷം പേരെങ്കിലും രാജ്യത്ത് മരിക്കുന്നുണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മസ്തിഷ്‌ക മരണം സംഭവിക്കുന്ന ഒരു മനുഷ്യന് 8 പേരുടെ ജീവന്‍ രക്ഷിക്കാമെന്നിരിക്കെയാണ് ഇത്രയും പേരെ മരണത്തിന് വിട്ടു കൊടുക്കേണ്ടി വരുന്നത്.
ഇവിടെയാണ് ലോക അവയവ ദാന ദിനത്തിന്റെ പ്രധാന്യം.
തിരുവനന്തപുരത്തു നിന്നു കൊച്ചിയിലേക്കും കൊച്ചിയില്‍ നിന്നു ചെന്നൈയിലേക്കും ജീവന്റെ തുടിപ്പുമായി ഹൃദയം പറക്കുന്നുവെന്ന വാര്‍ത്തകളാണ് സമീപദിവസങ്ങളില്‍ നമ്മെ ഏറെ സ്പര്‍ശിച്ചത്. വൈദ്യശാസ്ത്രം എത്രയൊക്കെ പുരോഗമിച്ചാലും മനുഷ്യന്‍റെ കാരുണ്യം കൂടെ ചേര്‍ത്തു വച്ചു മാത്രമേ അവയവം മാറ്റിവയ്ക്കല്‍ സാധ്യമാവുകയുള്ളൂ. ഇതിന് ദാനമായി ലഭിച്ച അവയവം വേണം. അവയവ ദാനമെന്നത് ഒരു മതാചാരങ്ങള്‍ക്കും എതിരല്ലെന്നതാണു യാഥാര്‍ഥ്യം.
