Ultimate magazine theme for WordPress.

സഹകരണ ബാങ്കുകളിൽ നിക്ഷേപത്തിൽ നിയന്ത്രണം; ആർ.ബി.ഐ.

സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന നിർദേശവുമായി റിസർവ് ബാങ്ക്. ‘ബാങ്ക്’ എന്ന പേര് ഉപയോഗിക്കരുത് എന്ന് ആവർത്തിക്കുന്നതിനൊപ്പം നിക്ഷേപം സ്വീകരിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. വോട്ടവകാശമില്ലാത്ത അംഗങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കുന്നതാണ് വിലക്കിയത്. സംസ്ഥാനത്തെ 1625 പ്രാഥമിക സഹകരണ ബാങ്കുകളുടെയും 15,000-ത്തോളം വരുന്ന സഹകരണ സംഘങ്ങളുടെയും പ്രവർത്തനത്തെ ബാധിക്കുന്നതാണിത്.സഹകരണ സംഘങ്ങളിലെ നോമിനൽ, അസോസിയേറ്റ് അംഗങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കരുതെന്നും വോട്ടവകാശമുള്ളവരെ മാത്രമേ അംഗങ്ങളായി കണക്കാക്കാനാകൂവെന്നും ആർ.ബി.ഐ. പറയുന്നു. സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലും സംഘങ്ങളിലും ഭൂരിപക്ഷം അംഗങ്ങളും നോമിനൽ, അസോസിയേറ്റ് അംഗങ്ങളാണ്. 1000 കോടിക്കു മുകളിൽ നിക്ഷേപമുള്ള പ്രാഥമിക സഹകരണ ബാങ്കുകളിലടക്കം ആയിരത്തിൽ താഴെ അംഗങ്ങൾക്കേ വോട്ടവകാശമുള്ളൂ. കേരളത്തിലെ സഹകരണ നിയമം അനുസരിച്ച് നോമിനൽ, അസോസിയേറ്റ് അംഗങ്ങളെയും അംഗങ്ങളായി തന്നെയാണ് നിർവചിച്ചിട്ടുള്ളത്. വോട്ടവകാശം അടക്കമുള്ള ചിലതിൽ മാത്രമാണ് നിയന്ത്രണമുള്ളത്. ഇത് സംഘത്തിന്റെ നിലനിൽപ്പിന് അനിവാര്യവുമാണ്. റിസർവ് ബാങ്കിന്റെ ബാങ്കിങ് ലൈസൻസില്ലാത്ത സഹകരണ സംഘങ്ങൾ ‘ബാങ്ക്’ എന്നു പേരിനൊപ്പം ചേർക്കുകയും ബാങ്കിങ് നടത്തുന്നതായും വിവരം ലഭിച്ചതായാണ് ആരോപണം. അതിനാൽ, സഹകരണ സംഘങ്ങളിൽ നിക്ഷേപം നടത്തുന്നവർ, അവയ്ക്ക് റിസർവ് ബാങ്കിന്റെ അംഗീകാരമുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും റിസർവ് ബാങ്ക് പരസ്യപ്പെടുത്തി. സഹകരണ മേഖലയ്ക്ക് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നതിനാൽ, ഈ ഉത്തരവ് നടപ്പാക്കുന്നതിനെതിരേ സർക്കാർ നിയമനടപടി സ്വീകരിക്കാനാണ് സാധ്യത.

Leave A Reply

Your email address will not be published.