ഐഎസ് തീവ്രവാദികളുടെ തടങ്കലില്‍ കഴിഞ്ഞ വൈദികൻ സിറിയയിൽ ആർച്ച് ബിഷപ്പ് സ്ഥാനത്തേക്ക്
ദമാസ്ക്കസ്: ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോകുകയും പിന്നീട് രക്ഷപ്പെടുകയും ചെയ്ത വൈദികൻ ഫാ. ജാക്വസ് മൗറാദ് സിറിയയിലെ ഹോംസിലെ ആർച്ച് ബിഷപ്പായി നിയമിതനായി. അഞ്ചുമാസമാണ് തീവ്രവാദികളുടെ പിടിയിൽ അദ്ദേഹം കഴിഞ്ഞത്. മാർ ഏലിയൻ ആശ്രമത്തിൽ നിന്നു മുഖംമൂടി ധരിച്ച് എത്തിയ തീവ്രവാദികൾ ഫാ. മൗറാദിനെ തട്ടിക്കൊണ്ടു പോകുകയായിരിന്നു. തടവിൽ കഴിയുന്ന സമയത്ത് നിരവധി തവണ കഴുത്തിൽ കത്തിവെച്ച് മുഖംമൂടിധാരികള്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിരുന്നു.
ക്വാര്യടൈൻ എന്ന പട്ടണത്തിൽ തീവ്രവാദികൾ എത്തിച്ചതിനു ശേഷം അഞ്ചു മാസത്തോളം അവിടെ തടങ്കലില്‍ കഴിഞ്ഞ്, ഒരു മുസ്ലിം ചെറുപ്പക്കാരന്റെ സഹായത്തോടെയാണ് മൗറാദ് രക്ഷപ്പെട്ടത്. തീവ്രവാദികളുടെ പിടിയിലായിരുന്ന സമയത്ത് ക്രൈസ്തവ വിശ്വാസം തള്ളിക്കളഞ്ഞ് രക്ഷപ്പെടാൻ സാധ്യതയുണ്ടായിരുന്നെങ്കിലും, അദ്ദേഹം തന്റെ ക്രൈസ്തവ വിശ്വാസം മുറുകെ പിടിച്ചു. സിറിയയിലെ ആലപ്പോയിലായിരിന്നു അദ്ദേഹത്തിന്റെ ജനനം. ലെബനോനിലെ ചാർഫറ്റ് സെമിനാരിയിൽ ചേര്‍ന്ന മൗറാദ് 1993 ഓഗസ്റ്റ് 28നാണ് പൗരോഹിത്യം സ്വീകരിക്കുന്നത്.
2000 മുതൽ 2015 വരെ പാൽമിറയിൽ നിന്ന് 62 മൈൽ അകലെയുള്ള ഖാര്യതയ്ൻ നഗരത്തിനടുത്തുള്ള മാർ എലിയന്‍ എക്യുമെനിക്കൽ ആശ്രമത്തില്‍ ശുശ്രൂഷ ചെയ്തിരിന്നു. ഇസ്ലാം മതസ്ഥരുമായി സംവാദത്തിനായി പ്രവർത്തിക്കുക എന്നതായിരുന്നു അന്നത്തെ പ്രധാന ദൗത്യം. 2015ൽ തീവ്രവാദികളുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ടതിനുശേഷം ഇറ്റലിയിലെയും, ഇറാഖിലെയും രണ്ട് ആശ്രമങ്ങളിലാണ് അദ്ദേഹം കഴിഞ്ഞത്. ഇപ്പോൾ 54 വയസ്സുള്ള ആർച്ച് ബിഷപ്പ് 2020 ലാണ് സിറിയയിലേക്ക് മടങ്ങുന്നത്. സുറിയാനി, ഇംഗ്ലീഷ്, ഇറ്റാലിയൻ അറബി, ഫ്രഞ്ച് ഭാഷകളിൽ അദ്ദേഹത്തിന് പ്രാവീണ്യമുണ്ട്.
സിറിയൻ സഭയുടെ മെത്രാൻ സിനഡ് നടത്തിയ തെരഞ്ഞെടുപ്പ് ശനിയാഴ്ചയാണ് വത്തിക്കാൻ സ്ഥിരീകരിച്ചത്. ഫ്രാൻസിസ് മാർപാപ്പയുടെ അംഗീകാരത്തോടെ അദ്ദേഹം ആർച്ച് ബിഷപ്പായി നിയമിക്കപ്പെടുകയായിരിന്നു. റോമുമായുള്ള കൂട്ടായ്മയിലുള്ള 23 പൗരസ്ത്യ കത്തോലിക്കാ സഭകളിൽ ഒന്നായ സിറിയന്‍ കത്തോലിക്കാ സഭയ്ക്ക് മിഡിൽ ഈസ്റ്റിലും മറ്റുമായി ഏകദേശം 175,000 വിശ്വാസികളുണ്ട്.
