പെന്തിക്കോസ്റ്റ് ഐക്യം: സ്വതന്ത്ര സഭകളെ ഒഴിവാക്കിയ നീക്കങ്ങൾക്കെതിരെ വിമർശനം ശക്തം; ചർച്ച് ആക്റ്റ് ആവശ്യവും ഉയരുന്നു
തിരുവല്ല: കേരളത്തിലെ പെന്തിക്കോസ്റ്റ് സഭകളുടെ ഐക്യശ്രമങ്ങളെ ചുറ്റിപ്പറ്റി വിവാദം ശക്തമാകുന്നു. പാരമ്പര്യ സഭകൾ തമ്മിലുള്ള കൂട്ടായ്മയെ അടിസ്ഥാനമാക്കി മുന്നേറുന്ന നിലവിലെ നീക്കങ്ങൾ സമഗ്ര ഐക്യം ലക്ഷ്യമിടുന്നതല്ലെന്ന വിമർശനമാണ് വിവിധ വൃത്തങ്ങളിൽ നിന്ന് ഉയരുന്നത്.
സംസ്ഥാനത്ത് പതിനായിരക്കണക്കിന് സ്വതന്ത്ര സഭകൾ സജീവമായി പ്രവർത്തിക്കുന്ന സാഹചര്യത്തിൽ, അവയെ ഉൾപ്പെടുത്താത്ത ഐക്യം യഥാർത്ഥ പ്രതിനിധിത്വം നൽകില്ലെന്നാണ് നിരീക്ഷണം.
പൊതുസമൂഹവുമായി കൂടുതൽ ഇടപെടലും സാമൂഹിക പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യവുമുള്ളത് സ്വതന്ത്ര സഭകളാണെന്നും വിലയിരുത്തപ്പെടുന്നു.
പാരമ്പര്യ സഭകൾക്ക് തമ്മിൽ തന്നെ സ്ഥിരതയുള്ള ഐക്യം ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്ന വിമർശനവും നിലനിൽക്കുന്നു. “ആരാണ് വലിയവർ” എന്ന നിലപാടുകളിൽ നിന്നുള്ള ഭിന്നതകൾ ഇത്തരം ഐക്യശ്രമങ്ങളെ ദുർബലപ്പെടുത്തുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിനാൽ, ഇത്തരം കൂട്ടായ്മകൾ ദീർഘകാലം നിലനിൽക്കില്ലെന്ന ആശങ്കയും ശക്തമാണ്.
നിലവിലെ നീക്കങ്ങൾ തുടർന്നാൽ, പെന്തിക്കോസ്റ്റ് സമൂഹം രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും നിരീക്ഷകർ അഭിപ്രായപ്പെടുന്നു. ഇതുവഴി ഒരുമിച്ചുള്ള ശബ്ദം ദുർബലമാകുകയും, പൊതുസമൂഹത്തിൽ ശക്തമായ നിലപാട് കൈക്കൊള്ളാൻ കഴിയാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുക.
ഇതിനിടെ, സഭകളുടെ പ്രവർത്തനങ്ങളിലും സാമ്പത്തിക കാര്യങ്ങളിലും കൂടുതൽ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കേണ്ടതുണ്ടെന്ന ആവശ്യവും ശക്തമാകുന്നു. ചർച്ച് ആക്റ്റ് നടപ്പാക്കണമെന്നും, വ്യക്തികേന്ദ്രമായി പണം സമ്പാദിക്കുന്ന പ്രവണതകൾ ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്നു.
കൂടാതെ, നേതാക്കളുടെയും സംഘടനകളുടെയും വരവ്-ചിലവ് കണക്കുകൾക്കും സമ്പാദ്യങ്ങൾക്കും വ്യക്തമായ പരിശോധനയും നിയന്ത്രണ സംവിധാനവും വേണമെന്ന ആവശ്യവും ഉയരുന്നു.
യുണൈറ്റഡ് പെന്തകോസ്തൽ കൌൺസിൽ ദേശീയ പ്രസിഡന്റ് ബാബു പറയത്തുകാട്ടിൽ, ദേശീയ വൈസ് പ്രസിഡന്റ് പാസ്റ്റർ രാജു കുഴിമറ്റം, ദേശീയ ട്രെഷറർ പാസ്റ്റർ സുരൻ കാട്ടാകട എന്നിവർ അറിയിച്ചു, സ്വതന്ത്ര സഭകളെ ഉൾക്കൊള്ളുന്ന സമഗ്ര ഐക്യമാണ് പെന്തിക്കോസ്റ്റ് സമൂഹത്തിന്റെ ഭാവിക്ക് അനിവാര്യമെന്ന്. നിലവിലെ ഭാഗിക ഐക്യശ്രമങ്ങൾ പുനഃപരിശോധിക്കാതെ മുന്നോട്ട് പോയാൽ അവ നിഷ്ഫലമാകാൻ ഇടയുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി.

Comments are closed.