കരുനാഗപ്പള്ളി: ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന പെന്തക്കോസ്ത് സെമിത്തേരി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് പെന്തക്കോസ്തൽ കൗൺസിലിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. യുണൈറ്റഡ് പെന്തക്കോസ്തൽ കൗൺസിൽ കരുനാഗപ്പള്ളി യൂണിറ്റ് പ്രസിഡന്റ് മധു പാസ്റ്റർ ധർണ ഉദ്ഘാടനം ചെയ്തു.
നൂറോളം കുടുംബങ്ങൾ ആശ്രയിക്കുന്ന സെമിത്തേരി ഇവിടെനിന്ന് മാറ്റുന്നതിനുള്ള നീക്കങ്ങൾ വിശ്വാസികളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണെന്ന് സംഘാടകർ പറഞ്ഞു. സെമിത്തേരി നഷ്ടപ്പെട്ടാൽ മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് മറ്റ് സൗകര്യങ്ങളില്ലാത്ത സാഹചര്യമാണുള്ളതെന്നും അവർ ചൂണ്ടിക്കാട്ടി.
സെമിത്തേരിയോട് ചേർന്ന് അനധികൃതമായി ഏകദേശം 18 അടിയോളം ആഴത്തിൽ മണ്ണെടുത്തത് സമീപത്തെ വീടുകൾക്ക് അപകടഭീഷണി സൃഷ്ടിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്. ജിയോളജി വകുപ്പ് പരിശോധന നടത്തി റിപ്പോർട്ട് നൽകിയിട്ടും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നാണ് യു.പി.സി.യുടെ ആരോപണം.
സെമിത്തേരി സംരക്ഷിക്കുന്നതിനും അനധികൃത മണ്ണെടുപ്പിനെതിരെ നടപടി സ്വീകരിക്കുന്നതിനും അടിയന്തര ഇടപെടൽ വേണമെന്ന് ധർണയിൽ ആവശ്യമുയർന്നു. കൃത്യമായ നടപടികൾ ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
പാസ്റ്റർമാരായ ബിജു, സാബു, തോമസ്, തങ്കച്ചൻ, ഷാജി എന്നിവർ പ്രസംഗിച്ചു.

Comments are closed.