ഡാളസ്: ചൈനയിലെ ബീജിംഗ് സീയോൻ സഭയുടെ സ്ഥാപകനായ പാസ്റ്റർ എസ്രാ ജിനുമായി കൂടിക്കാഴ്ച നടത്തി മുൻ യുഎസ് പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷ്. ചൈനയിൽ ഗൃഹസഭകൾക്കും സഭാ നേതാക്കൾക്കും നേരെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തുന്ന കടുത്ത അടിച്ചമർത്തലുകളിൽ ബുഷ് ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ ഡബ്ല്യു ബുഷ് കടുത്ത ആശങ്ക രേഖപ്പെടുത്തി.
2025 ഒക്ടോബറിലാണ് ഓൺലൈൻ സുവിശേഷ പ്രസംഗങ്ങൾ തടയുന്നതിന്റെ ഭാഗമായി പാസ്റ്റർ എസ്രാ ജിൻ ഉൾപ്പെടെ 30-ലധികം സഭാ നേതാക്കളെ ചൈനീസ് അധികൃതർ തടവിലാക്കിയത്. തുടർന്ന് നടന്ന നയതന്ത്ര ചർച്ചകൾക്കൊടുവിൽ ജൂലൈ മാസത്തിലാണ് അദ്ദേഹം മോചിതനായി അമേരിക്കയിലുള്ള കുടുംബത്തോടൊപ്പം ചേർന്നത്.
സീയോൻ സഭയിലെ 8 പ്രധാന നേതാക്കൾ ഇപ്പോഴും ചൈനീസ് ജയിലുകളിൽ വിചാരണ കാത്തു കഴിയുകയാണെന്ന് മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കുന്നു. ചൈനയിലും ഹോങ്കോംഗിലും തടവിൽ കഴിയുന്ന വിശ്വാസികളെ കുറിച്ച് പ്രതിപാദിക്കുന്ന ‘ദി കോൾ ടു ഫ്രീഡം’ എന്ന തന്റെ പുതിയ പുസ്തകം 2027-ൽ പുറത്തിറങ്ങുമെന്നും ബുഷ് അറിയിച്ചു.

Comments are closed.