അനധികൃത കുടിയേറ്റക്കാരുടെ അനിയന്ത്രിത പ്രവാഹം- അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ന്യൂയോര്‍ക്ക് മേയര്‍
കാര്യക്ഷമമല്ലാത്ത ബൈഡന്റെ ബോര്‍ഡര്‍ പോളിസി മുതലെടുത്ത് അമേരിക്കയുടെ സമീപ രാജ്യങ്ങളില്‍ നിന്നും ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരാണ് അമേരിക്കയില്‍ എത്തുന്നത്
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റിയില്‍ അനധികൃത കുടിയേറ്റക്കാരുടെ അനിയന്ത്രിത പ്രവാഹത്തെ തുടര്‍ന്ന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആസംസ് നഗരത്തില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. 2022 ഏപ്രില്‍ മുതല്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ 17000 നധികം അനധികൃത കുടിയേറ്റക്കാരാണ് എത്തിചേര്‍ന്നത്. കാര്യക്ഷമമല്ലാത്ത ബൈഡന്റെ ബോര്‍ഡര്‍ പോളിസി മുതലെടുത്ത് അമേരിക്കയുടെ സമീപ രാജ്യങ്ങളില്‍ നിന്നും ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരാണ് അമേരിക്കയില്‍ എത്തുന്നത്. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ പിടിയില്‍ ഇവര്‍ പെട്ടാല്‍ പോലും അമേരിക്കന്‍ അതിര്‍ത്തിയില്‍ ഇവരെ സ്വതന്ത്രരായി വിടുന്നത് അതിര്‍ത്തിയുമായി അടുത്തുകിടക്കുന്ന അമേരിക്കന്‍ സിറ്റികളില്‍ സുരക്ഷ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും, മയക്കുമരുന്നു, കള്ളകടത്തും, അക്രമപ്രവര്‍ത്തനങ്ങളും വര്‍ദ്ധിച്ചു വരുകയുമാണെന്ന് ടെക്‌സസ് ഗവര്‍ണ്ണര്‍ ഉള്‍പ്പെടെയുള്ള റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങള്‍ പരാതിപെടുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനാണ് ബൈഡന്റെ പാര്‍ട്ടി ഭരിക്കുന്ന സ്ഥലങ്ങളില്‍ അനധികൃത കുടിയേറ്റക്കാരെ ബസ്സില്‍ കയറ്റി അയക്കുന്നതിന് ഇവര്‍ തീരുമാനിച്ചത്. ന്യൂയോര്‍ക്ക് സിറ്റിക്ക് താങ്ങാനാവാത്തവിധം ഇവരുടെ ആവശ്യങ്ങള്‍ വര്‍ദ്ധിച്ചുവരികയും, ഫെഡറല്‍ ഗവണ്‍മെന്റ് ആവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നതിനു വിമുഖത കാണിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ന്യൂയോര്‍ക്ക് മേയര്‍ സിറ്റിയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.
