മുംബൈ: മതപ്രചാരണം നടത്തിയെന്നതുകൊണ്ടുമാത്രം മതവികാരം വ്രണപ്പെടുത്തിയെന്ന് പറയാനാവില്ലെന്ന് മുംബൈ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച്. ഹിന്ദുമതത്തിൽനിന്ന് ക്രിസ്തുമതത്തിലേക്ക് ദമ്പതികളെ നിർബന്ധിച്ച് മതംമാറ്റാൻ ശ്രമിച്ചെന്നാരോപിച്ച് നാല് പേർക്കെതിരെ അമരാവതിയിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറും കുറ്റപത്രവും കോടതി റദ്ദാക്കി.
ജസ്റ്റിസ് എം.ഡബ്ല്യു. ചന്ദ്രവാൻഷിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതികൾ മതപ്രചാരണം നടത്തുക മാത്രമാണ് ചെയ്തതെന്നും അതുവഴി ആരുടെയും മതവികാരം വ്രണപ്പെട്ടതായി കണക്കാക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
അമരാവതിയിലെ ജോസഫ് ഖുദാവന്ത്, മകൻ വിക്ടർ ഖുദാവന്ത്, മരുമകൾ എൽവിന ഖുദാവന്ത്, സാമൂഹിക പ്രവർത്തകൻ അനന്ത് മങ്കർ എന്നിവർക്ക് എതിരായ കേസിലാണ് നടപടി.
കുറ്റകൃത്യം നടന്നതായി ആരോപിക്കപ്പെടുന്ന 2025-ൽ മഹാരാഷ്ട്രയിൽ മതപരിവർത്തനം നിരോധിക്കുന്ന പ്രത്യേക നിയമം പ്രാബല്യത്തിലുണ്ടായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാൽ, അന്നത്തെ നിയമസാഹചര്യം കൂടി പരിഗണിച്ചാണ് കേസ് റദ്ദാക്കിയത്.

Comments are closed.