കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന്
ന്യൂഡൽഹി: കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന് നടക്കുമെന്ന് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സുനിൽ അറോറ അറിയിച്ചു. മെയ് രണ്ടിന് വോട്ടെണ്ണൽ നടക്കും. വിജ്ഞാപനം മാർച്ച് 12ന് പുറപ്പെടുവിക്കും. പത്രികകളുടെ സൂക്ഷ്മ പരിശോധന മാർച്ച് 20ന്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 22. മലപ്പുറം ലോക്സഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഏപ്രിൽ ആറിന് നടക്കും.
പശ്ചിമബംഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു. പരീക്ഷകളും ഉത്സവങ്ങളും കണക്കിലെടുത്താണ് തീയതി തീരുമാനിച്ചത്. ഇതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
