രാജ്യത്തെ അക്രമങ്ങൾ തടയുന്നതിനാണ് ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കെതിരെ പോലീസ് രംഗത്തെത്തിയതെന്ന് ജസ്റ്റിന്‍ ട്രൂഡോ
ഒട്ടാവ : കൊള്ള, കൊലപാതകം, വാഹനമോടിച്ചുള്ള വെടിവെപ്പ് എന്നിവയുള്‍പ്പെടെയുള്ള അക്രമ പ്രവര്‍ത്തനങ്ങളെ തടയേണ്ടതിനാലാണ് കാനഡയിലെ ദേശീയ പോലീസ് സേന ഈ ആഴ്ച ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കെതിരായ ആരോപണങ്ങളുമായി പരസ്യമായി രംഗത്തിറങ്ങിയെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.
ഒട്ടാവയിലെ വിദേശ ഇടപെടല്‍ കമ്മീഷനു മുമ്പാകെ ബുധനാഴ്ച മൊഴി നല്‍കവെയാണ് ട്രൂഡോ ഇപ്രകാരം അഭിപ്രായപ്പെട്ടത്. 2023 ജൂണില്‍ ഖാലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യയുടെ ഉന്നത നയതന്ത്രജ്ഞര്‍ക്കും മറ്റ് അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞതായി റോയല്‍ കനേഡിയന്‍ പോലീസ് അറിയിച്ചിരുന്നു. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഏജന്റുമാര്‍ കാനഡക്കാര്‍ക്കെതിരെ തീവ്രമായ പ്രചാരണം നടത്തുന്നതിന്റെ തെളിവുകള്‍ തങ്ങള്‍ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.
