പിതൃസ്മരണയുടെ പുസ്തകതാളുകൾ: ജോൺ വർഗീസ് ഓലിക്കലിന്റെ ‘ഇന്‍സ്പിറേഷന്‍’ ഷാർജ രാജ്യാന്തര മേളയിൽ പ്രകാശനം ചെയ്തു
ഷാർജ: അക്ഷരങ്ങളുടെയും ചിന്തകളുടെയും വിശ്വോത്തര വേദിയായ 44-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ, പിതൃസ്മരണകൾക്ക് അക്ഷരരൂപം നൽകിയ ‘Inspiration’ (പ്രചോദനം) എന്ന കൃതി പ്രകാശനം ചെയ്തു. പ്രമുഖ സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകനും അൽ ഐൻ സിയോൺ ചർച്ച് ഓഫ് ഗോഡ് (Zion Church of God) അംഗവുമായ ശ്രീ ജോൺ വർഗീസ് ഓലിക്കൽ ആണ് ഗ്രന്ഥകർത്താവ്. മലയാളത്തിലെ പ്രമുഖ പ്രസാധകരായ ഒലിവ് ബുക്സ് (Olive Books) ആണ് പുസ്തകം വായനക്കാരിലെത്തിക്കുന്നത്.
പിതൃസ്മരണയുടെ ‘പ്രചോദനം’ തന്റെ പിതാവ് ഒ.എം. ഗീവർഗ്ഗീസിന്റെ ജീവിതം, അദ്ദേഹം സമൂഹത്തിന് നൽകിയ സാഹിത്യ-സാമൂഹിക സംഭാവനകൾ, മൂല്യാധിഷ്ഠിതമായ ജീവിതശൈലി എന്നിവയാണ് ‘Inspiration’ എന്ന കൃതിയുടെ ഇതിവൃത്തം. ഒരു മകൻ പിതാവിന് നൽകുന്ന ഏറ്റവും വലിയ ആദരവ് എന്നതിലുപരി, ഒരു കാലഘട്ടത്തിന്റെ സാമൂഹിക ജീവിതത്തിലേക്കുള്ള തിരിഞ്ഞുനോട്ടം കൂടിയാണ് ഈ പുസ്തകം. വരുംതലമുറയ്ക്ക് മാതൃകയാക്കാവുന്ന ജീവിതാനുഭവങ്ങളാണ് പുസ്തകത്തിൽ ഉടനീളം പ്രതിപാദിക്കുന്നത്.
പുസ്തകോത്സവ വേദിയിൽ നടന്ന ചടങ്ങിൽ സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. പ്രശസ്ത എഴുത്തുകാരനും ചിന്തകനുമായ താഹാ മാടായി, മീഡിയവൺ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഓപ്പറേഷൻസ് മേധാവി എം.സി.എ. നാസർ, അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ രഘുമാഷ് എന്നിവർ ചേർന്ന് പുസ്തകം പ്രകാശനം ചെയ്യുകയും സദസ്സിന് പരിചയപ്പെടുത്തുകയും ചെയ്തു.
“ഓർമ്മകളെ തിരിച്ചുപിടിക്കാനും പുതിയ തലമുറയ്ക്ക് വേരുകളെക്കുറിച്ച് അവബോധം നൽകാനും ഇത്തരം രചനകൾ അനിവാര്യമാണ്” എന്ന് പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് താഹാ മാടായി അഭിപ്രായപ്പെട്ടു. പ്രവാസത്തിരക്കുകൾക്കിടയിലും പിതാവിന്റെ ഓർമ്മകൾക്ക് അക്ഷരരൂപം നൽകിയ ജോൺ വർഗീസിന്റെ ശ്രമം അഭിനന്ദനാർഹമാണെന്ന് എം.സി.എ നാസർ കൂട്ടിച്ചേർത്തു.
ഗ്രന്ഥകർത്താവിന്റെ ആത്മീയ ആചാര്യനും അൽ ഐൻ സിയോൺ ചർച്ച് ഓഫ് ഗോഡ് പാസ്റ്ററുമായ ജോർജ് ടൈറ്റസ് ചടങ്ങിൽ സംബന്ധിക്കുകയും ആശംസകൾ നേരുകയും ചെയ്തു. ജോൺ വർഗീസിന് പിന്തുണയുമായി കുടുംബാംഗങ്ങളും ചടങ്ങിൽ എത്തിയിരുന്നു. തവാം ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായ ഭാര്യ ഷൈനി ജോൺ, മക്കൾ ജേക്കബ് ജോൺ (യു.എസ്.എ), പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ജെയിംസ് ജോൺ .
തുടർന്ന് നടന്ന ചടങ്ങിൽ സുഹൃത്തുക്കളായ അലക്സ് ജോൺ, ജെയിംസ് ജോൺ, ഷിജോ, ഇർഷാദ് എന്നിവർ ജോൺ വർഗീസിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഷാർജ എക്സ്പോ സെന്ററിൽ നടന്നുവരുന്ന പുസ്തകോത്സവത്തിൽ ഒലിവ് ബുക്സിന്റെ സ്റ്റാളിൽ പുസ്തകം ലഭ്യമാണ്.

Comments are closed.