സ്റ്റാന്‍ സ്വാമിയുടെ രക്തസാക്ഷിത്വത്തിന് രണ്ടാണ്ട്
2020 ഒക്ടോബറിലാണ് ഫാദർ സ്റ്റാൻ സ്വാമി ഭീമാ കോറേഗാവ് കേസിൽ അറസ്റ്റ് ചെയ്യപ്പെടുന്നത്. മാവോയിസ്റ്റ് ബന്ധമെന്ന ആരോപണമായിരുന്നു മറ്റു പലർക്കുമെതിരെയെന്ന പോലെ സ്റ്റാൻ സ്വാമിക്കുമെതിരെയും ചുമത്തപ്പെട്ടത്. തുടർന്ന് ഒൻപത് മാസത്തെ ജയിൽ വാസം. ഒടുവിൽ ആശുപത്രി കിടക്കയിൽ മരണം.
ആത്മീയ പ്രവർത്തനങ്ങൾ നടത്തി, പാർശ്വവത്കൃതർക്കുവേണ്ടി ജീവിതം സമർപ്പിക്കുകയും അവരുടെ അവകാശങ്ങൾക്കായി രാപകൽ പ്രയത്നിക്കുകയും ചെയ്ത് ഒടുവിൽ തടവറകൾക്കുള്ളിൽ ജീവൻ വെടിയേണ്ടി വന്ന ഫാ. സ്റ്റനിസ്ലാവോസ് ലൂർദ് സ്വാമിയെന്ന ജെസ്യൂട്ട് പുരോഹിതന്റെ രക്തസാക്ഷിത്വത്തിന് ഇന്ന് രണ്ടാണ്ട്.
2020 ഒക്ടോബറിലാണ് ഫാദർ സ്റ്റാൻ സ്വാമി ഭീമാ കോറേഗാവ് കേസിൽ അറസ്റ്റ് ചെയ്യപ്പെടുന്നത്. മാവോയിസ്റ്റ് ബന്ധമെന്ന ആരോപണമായിരുന്നു മറ്റു പലർക്കുമെതിരെയെന്ന പോലെ സ്റ്റാൻ സ്വാമിക്കുമെതിരെയും ചുമത്തപ്പെട്ടത്. തുടർന്ന് ഒൻപത് മാസത്തെ ജയിൽ വാസം. ഒടുവിൽ ആശുപത്രി കിടക്കയിൽ മരണം.
ആദിവാസി- ഗോത്ര വിഭാഗങ്ങളുടെ അവകാശങ്ങൾക്കായി തികച്ചും ജനാധിപത്യ രീതിയിൽ പോരാടിയെന്നതായിരുന്നു സ്റ്റാൻ സ്വാമി ചെയ്ത കുറ്റം. തമിഴ്‌നാട് സ്വദേശിയായ അദ്ദേഹം ബംഗളുരുവിലെ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടറായിയിരുന്നു. 1975 മുതൽ 11 വർഷം അവിടെ പ്രവർത്തിച്ച ശേഷമാണ് ജാർഖണ്ഡിലെത്തുന്നത്. അവിടെ കണ്ട കാഴ്ചകളും ഉണ്ടായ അനുഭവങ്ങളും സംസ്ഥാനത്തെ ആദിവാസി- ഗോത്ര വിഭാഗങ്ങൾക്കുവേണ്ടി നിലകൊള്ളാൻ മനുഷ്യസ്നേഹിയായ ആ പുരോഹിതനെ പ്രേരിപ്പിച്ചു. അങ്ങനെയാണ് ആവാസഭൂമിക്കായുള്ള വനമക്കളുടെ പോരാട്ടങ്ങളിൽ ഫാദർ സ്റ്റാൻ സ്വാമി ഭാഗമാകുന്നത്.
ജയിലിൽ കഴിയുന്ന കാലമത്രയും ഒരുപാട് അനീതികളും അവകാശ ധ്വംസനങ്ങൾക്കും അദ്ദേഹത്തിന് നേരിടേണ്ടി വന്നു. പാർക്കിൻസൺ രോഗിയായ അദ്ദേഹത്തിന് വെള്ളം കുടിക്കാനുള്ള സ്‌ട്രോയ്ക്കും ഭക്ഷണം കഴിക്കാനുള്ള സ്പൂണും ലഭിക്കാൻ കാത്തിരിക്കേണ്ടി വന്നത് മൂന്നാഴ്ചയാണ്. ജനാധിപത്യരാജ്യത്ത് ഒരു മനുഷ്യന് ലഭിക്കേണ്ട അടിസ്ഥാന അവകാശങ്ങൾ ആ വയോധികന് നൽകാൻ പലപ്പോഴും നീതിന്യായ സംവിധാനങ്ങൾ വരെ വിമുഖത കാണിച്ചു. തന്റെ പ്രായവും ആരോഗ്യസ്ഥിതിയുമെല്ലാം പല തവണ കോടതികളെയും അധികാരികളെയും ബോധിപ്പിച്ചെങ്കിലും ആരും ചെവികൊണ്ടില്ല. ജാമ്യമാണ്, ജയിലല്ല നീതിയെന്ന ജനാധിപത്യമര്യാദയും പാലിക്കപ്പെട്ടില്ല. തന്റെ സുഹൃത്തുക്കളോടൊപ്പം കഴിയാനുള്ള ഇടക്കാല ജാമ്യം അനുവദിക്കുകയോ അല്ലെങ്കിൽ ജയിലിൽ കിടന്ന് മരിക്കാൻ അനുവദിക്കുകയോെ ചെയ്യണമെന്ന് ആ വയോധികൻ ആവശ്യപ്പെട്ടപ്പോഴും കോടതി കനിഞ്ഞില്ല. കോവിഡ് ബാധിതനായാണ് സ്റ്റാൻ സ്വാമി മരിച്ചതെങ്കിലും അതിനെ സ്ഥാപനവത്കൃത കൊലപാതകമായിട്ടാണ് മനുഷ്യാവകാശ സംഘടനകൾ കണ്ടത്.
