Ultimate magazine theme for WordPress.

ഐ.എസ്.ഐയുടെ വ്യാജ ഫോണ്‍ കോളുകള്‍ ; കനത്ത ജാഗ്രതയില്‍ സൈന്യം

ജമ്മു: ജമ്മു വ്യോമ താവളത്തില്‍ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ പാകിസ്താന്‍ ചാര ഏജന്‍സിയായ ഐ.എസ്.ഐയുടെ നിരവധി വ്യാജ ഫോണ്‍ കോളുകള്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിക്കുന്നതായി റിപ്പോര്‍ട്ട്. സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരായി ചമഞ്ഞ് വിവരങ്ങൾ ആവശ്യപ്പെട്ടാണ് ഫോൺ കോളുകൾ. ഇത്തരം വ്യാജ കോളുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഐ.എസ്.ഐ ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. വ്യത്യസ്ത നമ്പറുകളില്‍ നിന്നാണ് ഇത്തരം കോളുകള്‍ ലഭിക്കുന്നത്. ഇവയുടെ ഉറവിടം കണ്ടെത്താനും ബുദ്ധിമുട്ടാണ്. പടിഞ്ഞാറന്‍ സെക്ടറിലെ ഡ്രോണ്‍ ഭീഷണികള്‍ക്ക് ശേഷം ഇത്തരം കോളുകളുടെ എണ്ണം വര്‍ധിക്കുന്നത് സുരക്ഷാ ഏജന്‍സികള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നേരത്തെയും സുരക്ഷാ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാകിസ്താനില്‍ നിന്ന് ഇന്ത്യന്‍ സുരക്ഷാ സേനകള്‍ക്ക് വ്യാജ കോളുകള്‍ ലഭിക്കുന്നത് വര്‍ധിക്കുന്നത് സംബന്ധിച്ച് സുരക്ഷാ ഏജന്‍സികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. സ്വാതന്ത്ര്യദിനാഘോഷം കണക്കിലെടുത്ത്, ഈ വ്യാജ കോളുകളെ സംബന്ധിച്ച് ജാഗ്രത പാലിക്കാനും വിവരങ്ങള്‍ കൈമാറുന്നത് തടയാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാനും സുരക്ഷാ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ജൂലൈ 23ന് ജമ്മു മേഖലയിലെ കനാചക് പ്രദേശത്ത് അതിര്‍ത്തി കടന്ന് പാകിസ്താനില്‍ നിന്ന് വന്ന ഹെക്‌സ-കോപ്റ്റര്‍ ഡ്രോണ്‍ ജമ്മു കശ്മീര്‍ പോലീസ് വെടിവച്ചു വീഴ്ത്തിയിരുന്നു. ജൂണ്‍ 27ന് ജമ്മു വ്യോമസേനാ സ്റ്റേഷന് നേരെ ഡ്രോണ്‍ ആക്രമണം നടന്നതിന് പിന്നാലെയാണ് ഈ സംഭവം.ജൂണ്‍ 29ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ഭീഷണികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിരുന്നു.

Leave A Reply

Your email address will not be published.