ലക്നൗ : ദേശവിരുദ്ധ പോസ്റ്റുകൾ ഇടുന്നവർക്ക് ഉത്തര പ്രദേശിൽ മൂന്നു വർഷം മുതൽ ജീവപര്യന്തം തടവ് വരെ ലഭിക്കുന്ന നിലയിൽ നിയമനിർമാണം നടത്താൻ നീക്കം. സംസ്ഥാന ഇൻഫർമേഷൻ വകുപ്പ് തയാറാക്കിയ ‘ഉത്തർപ്രദേശ് ഡിജിറ്റൽ മാധ്യമ നയം, 2024’- ന് ചൊവ്വാഴ്ചയാണ് യോഗി ആദിത്യനാഥ് മന്ത്രിസഭ അംഗീകാരം നൽകിയത്.
അശ്ലീലമോ അപകീർത്തികരമോ ആയ കാര്യങ്ങൾ ഓൺലൈനിൽ പ്രചരിപ്പിക്കുന്നത് ക്രിമിനൽ മാനനഷ്ട കുറ്റങ്ങൾക്കു കാരണമാകും. പുതിയ നിയമമനുസരിച്ച്, സർക്കാർ പരസ്യങ്ങൾ ഫേസ്ബുക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലെ ഇൻഫ്ലുവൻസർമാർ വഴി പ്രചരിപ്പിക്കും. ഓരോരുത്തരുടെയും ഫോളോവേഴ്സിന്റെ എണ്ണം അനുസരിച്ചാകും അവർക്കുള്ള പ്രതിഫലം നിശ്ചയിക്കുക. പ്രതിമാസം, രണ്ടു മുതൽ എട്ടുലക്ഷം രൂപവരെയാകും സർക്കാർ നയങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ച് പരസ്യം നൽകുന്നവർക്കു ലഭിക്കുക.
