ഉത്തർപ്രദേശ് : വെള്ളിയാഴ്ച (നവംബർ 15) വൈകുന്നേരം ഉത്തർപ്രദേശിലെ ഝാൻസിയിലെ മഹാറാണി ലക്ഷ്മിഭായി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ ജീവനോടെ വെന്തുമരിച്ചു. 16 കുഞ്ഞുങ്ങൾ ഗുരുതരാവസ്ഥയിലുമാണ്. തീവ്രപരിചരണ വിഭാഗം (എൻഐസിയു) രാത്രി 10.45 ഓടെയാണ് തീപിടിത്തമുണ്ടായത്. ദുരന്തത്തിൽ 37 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ജില്ലാ കളക്ടർ അവിനാഷ് കുമാർ പറഞ്ഞു.
വൈദ്യുത ഷോർട്ട് സർക്യൂട്ടാണ് തീ പടർന്നതെന്നാണ് സൂചന. ഇതേക്കുറിച്ച് അന്വേഷിക്കാൻ സമിതി രൂപീകരിച്ചതായി കലക്ടർ അറിയിച്ചു.
പരിക്കേറ്റ 16 കുട്ടികളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. എല്ലാ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും കുട്ടികൾക്ക് അവശ്യ വൈദ്യസഹായം നൽകുന്നതിൽ ഏർപ്പെട്ടിരിക്കുന്നു, ശനിയാഴ്ച പുലർച്ചെ മാധ്യമങ്ങളോട് സംസാരിച്ച സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്പി) സുധ സിംഗ് പറഞ്ഞു. തീപിടിത്തത്തിൽ മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കൾക്ക് സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ എക്‌സിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരിൻ്റെ മേൽനോട്ടത്തിലുള്ള പ്രാദേശിക ഭരണകൂടം ദുരിതാശ്വാസത്തിനും സംരക്ഷണത്തിനുമായി സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാർത്ത: പാ. ഫ്രെഡി കൂർഗ്
