Ultimate magazine theme for WordPress.

പെരുമഴയത്തും കുറഞ്ഞില്ല ആവേശം; അൾജീരിയയിൽ ലിയോ പതിനാലാമൻ പാപ്പയ്ക്ക് രാജകീയ സ്വീകരണം

അൾജീറിയ: സമാധാനത്തിന്റെ ദൂതനായി ആഫ്രിക്കൻ മണ്ണിലെത്തിയ ലിയോ പതിനാലാമൻ പാപ്പയ്ക്ക് അൾജീരിയയിൽ ആവേശോജ്ജ്വലമായ സ്വീകരണം. മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ അൾജീരിയയിൽ, കത്തോലിക്കർ വളരെ കുറവാണെങ്കിലും പാപ്പയെ കാണാൻ പെരുമഴയെയും കനത്ത കാറ്റിനെയും അവഗണിച്ച് ആയിരങ്ങളാണ് ‘ഔവർ ലേഡി ഓഫ് ആഫ്രിക്ക’ ബസിലിക്കയിലേക്ക് ഒഴുകിയെത്തിയത്. ബസിലിക്കയ്ക്കുള്ളിൽ ഇടം ലഭിക്കാത്തവർ കുടചൂടിയും റെയിൻകോട്ടുകൾ ധരിച്ചും പുറത്തുനിന്നാണ് പാപ്പയുടെ പ്രഭാഷണം ശ്രവിച്ചത്.

​ബസിലിക്കയിൽ നടന്ന ചടങ്ങിൽ മുസ്ലീം സ്ത്രീയും പെന്തക്കോസ്ത് വിദ്യാർത്ഥിയും തങ്ങൾ സഹോദരങ്ങളെപ്പോലെ കഴിയുന്നതിനെക്കുറിച്ച് നൽകിയ സാക്ഷ്യം പാപ്പ അതീവ താല്പര്യത്തോടെ കേട്ടു. ലോകത്ത് യുദ്ധങ്ങളും വിദ്വേഷവും പടരുമ്പോൾ അൾജീരിയയിലെ ഈ സ്നേഹപൂർണ്ണമായ സഹവർത്തിത്വം ലോകത്തിന് വലിയൊരു മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമാധാനം ആഗ്രഹിക്കുന്ന മനുഷ്യരുടേതാണ് ഭാവി ലോകമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

​വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം രക്തസാക്ഷി സ്മാരകവും ഗ്രാന്റ് മോസ്കും സന്ദർശിച്ചാണ് പാപ്പ ബസിലിക്കയിലെത്തിയത്. 1990-കളിലെ ആഭ്യന്തര യുദ്ധത്തിൽ കൊല്ലപ്പെട്ട സന്യാസിനിമാരുടെ കേന്ദ്രവും അദ്ദേഹം സന്ദർശിച്ചു. അൾജീരിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയ പാപ്പ, സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പുത്തൻ പ്രതീക്ഷകൾ നൽകിയാണ് തന്റെ പര്യടനം തുടരുന്നത്.

Sharjah city AG

Comments are closed.