ചർച് ഓഫ് ഗോഡ് യുഎഇ പ്രഥമ എഡ്യൂക്കേഷൻ ഡയറക്ടറായി റവ. ഗ്ലാഡ്‌സൺ വി. കരോട്ട് നിയമിതനായി
ഷാർജ: ചർച് ഓഫ് ഗോഡ് യുഎഇ പ്രഥമ എഡ്യൂക്കേഷൻ ഡയറക്ടറായി റവ. ഗ്ലാഡ്‌സൺ വി. കരോട്ട് നിയമിതനായി. ദൈവസഭയുടെ പ്രവർത്തന അവലോകനത്തിനായി കൂടിയ ദേശിയ ജനറൽ കൗൺസിലിൽ വെച്ച് നാഷണൽ ഓവർസിയർ റവ. ഡോ. കെ. ഓ. മാത്യു, എഡ്യൂക്കേഷൻ ഡയറക്ടർ ആയി നിയമിച്ചുകൊണ്ടുള്ള നിയമനം അറിയിക്കുകയും, ശേഷം നിയമന ഉത്തരവ് നേരിട്ട് കൈമാറുകയും ചെയ്തു. മിഡിൽ ഈസ്റ്റിൽ ഏറ്റവും അധികം ദൈവസഭയും ദൈവദാസന്മാരും ഉള്ള റീജിയൻ ആണ് യുഎഇ. ഒന്നരപതിറ്റാണ്ടിനു പിറകിൽ അംഗുലീപരിമിതമായ സഭാ സാഹചര്യങ്ങളിൽ നിന്ന്, പത്തിലധികം ഭാഷകളിൽ ആരാധനകൾ നടക്കുന്ന സഭകളുടെ സംയുക്ത സംരംഭമായി റവ. ഡോ. കെ. ഓ. മാത്യുന്റെ നേതൃത്വത്തിൽ ചർച് ഓഫ് ഗോഡ് യുഎഇ വളർന്നുകഴിഞ്ഞു. ATA അംഗീകൃത സ്‌ഥാപനമായ ഗില്ഗാൽ ബിബ്ളിക്കൽ സെമിനാരി ദൈവസഭയുടെ അന്തർദേശിയ അംഗീകാരം കരസ്ഥമാക്കിയിട്ടുള്ള വേദപാഠശാല (ഗ്രേഡ് ലെവൽ IV, USA) ദൈവസഭയുടെ അഭിമാനമാണ്.
പാസ്റ്റർ ഗ്ലാഡ്‌സൺ നിലവിൽ ഗില്ഗാൽ ബിബ്ളിക്കൽ സെമിനാരിയുടെ ഡീൻ ഓഫ് സ്റ്റുഡന്റസ് ആണ്. വേദശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദങ്ങൾക്ക് പുറമെ സെക്കുലർ ആയി അഡ്മിനിസ്ട്രേഷനിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുള്ള പാസ്റ്റർ ഗ്ലാഡ്‌സൺ നിലവിൽ കൗൺസിലിംഗ് സൈകോളജിയിൽ ഗവേഷക വിദ്യാർത്ഥികൂടിയാണ് (UGC – Ph.D Research Scholar).
റോയൽ ബാങ്ക് ഓഫ് സ്കോട്ലൻഡിൽ നിന്നുള്ള ഔദ്യോഗിക ജോലി ഉപേക്ഷിച്ചനന്തരം പൂർണ്ണ സമയ സുവിശേഷവേലക്കായി സമർപ്പിക്കുകയും, മിഷിനറിയായി വടക്കേ ഇന്ത്യയുടെ വിവിധ സംസ്‌ഥാനങ്ങളിൽ പ്രവർത്തിച്ച അനുഭവം തന്റെ കൈമുതലാണ്. ചർച് ഓഫ് ഗോഡ് കേരള സ്റ്റേറ്റിൽ സഭാശുശുശ്രുഷയിൽ ആയിരിക്കുമ്പോൾ മുതൽ ഒരു ഉണർവ് പ്രാസംഗീകനായും വേദാധ്യാപകനായും വിവിധ സ്‌ഥലങ്ങളിൽ ശോഭിച്ചുവരുന്നു.
ദൈവസഭയുടെ ഓർഡൈൻഡ് ബിഷപ്പായ അദ്ദേഹം നിലവിൽ ഷാർജ എമിറേറ്റ്സ് ക്രിസ്ത്യൻ ഫെലോഷിപ്പിന് പുറമേ, ഫുജൈറയിലും മുസ്സഫയിലും ഉള്ള ദൈവ സഭകളുടെ ശുശ്രൂഷകനാണ്. പിതാവ് പാസ്റ്റർ കെ വി വർഗീസ് ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റിലെ ഒരു സീനിയർ ശുശ്രൂഷകനാണ്.
സിസ്. ജിജി എസ്. മാത്യു ഭാര്യയാണ്. മക്കൾ: ജോഹാൻ, ജിയോണ.