ഗോവയില്‍ ക്രൈസ്തവ വോട്ടുകള്‍ അതീവ നിര്‍ണായകം ; 30 ശതമാനം സീറ്റുകള്‍ ക്രൈസ്തവര്‍ക്ക്.
പനാജി: ക്രൈസ്തവ വോട്ടുകള്‍ അതീവ നിര്‍ണായകമാണ് ഗോവയില്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഇക്കാര്യം മനസിലാക്കി തന്നെയാണ് ഇത്തവണ കളത്തിലിറങ്ങുന്നത്. ആകെയുള്ള 40 സീറ്റിലും ബിജെപി തനിച്ച് മല്‍സരിക്കുകയാണ്. ഇതില്‍ 12 സീറ്റില്‍ ക്രൈസ്തവരായ സ്ഥാനാര്‍ഥികളെയാണ് മല്‍സരിപ്പിക്കുന്നത്. 30 ശതമാനം സീറ്റില്‍ ക്രിസ്ത്യാനികളെ മല്‍സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു.
ഗോവയില്‍ ബിജെപിക്ക് മൂന്നര ലക്ഷം അംഗങ്ങളാണുള്ളത്. ഇതില്‍ 18 ശതമാനം ക്രൈസ്തവരാണ്. ഗോവ ജനസംഖ്യയില്‍ 66 ശതമാനം ഹിന്ദുക്കളും 25 ശതമാനം ക്രൈസ്തവവരും 8 ശതമാനം മുസ്ലിങ്ങളുമാണ്. മുസ്ലിം സ്ഥാനാര്‍ഥിയെ ബിജെപി മല്‍സരിപ്പിക്കുന്നില്ല. ബിജെപി വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് സംസ്ഥാന പ്രസിഡന്റ് സദാനന്ദ ഷെട്ട് തനവാഡെ പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗത്തെയും ഒരുപോലെയാണ് ഞങ്ങള്‍ പരിഗണിക്കുന്നത്. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട 12 പേരെ ഞങ്ങള്‍ മല്‍സരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗോവയില്‍ ആദ്യ പരീക്ഷണത്തിന് ഒരുങ്ങുന്ന മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടത്ര പിന്തുണ ലഭിക്കില്ലെന്നാണ് വിവരം. പ്രധാന നേതാക്കളെയെല്ലാം മല്‍സരിപ്പിക്കാന്‍ ത്രിണമൂല്‍ തീരുമാനിച്ചിട്ടുണ്ട്. തൃണമൂലുമായി സഖ്യത്തിലെത്താന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്ന പ്രാദേശിക പാര്‍ട്ടിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടി ഉടക്കി. ഇരുവരും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുകയാണിപ്പോള്‍. ഗോവ ഫോര്‍വേഡ് പാര്‍ട്ടി 2017ല്‍ ബിജെപിക്ക് പിന്തുണ നല്‍കിയിരുന്നു. ഇക്കാര്യമാണ് തൃണമൂല്‍ ചൂണ്ടിക്കാട്ടുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ സാന്നിധ്യം ബിജെപിക്കാണ് നേട്ടമാകുക എന്ന് ഗോവ ഫോര്‍വേഡ് പാര്‍ട്ടി ആരോപിക്കുന്നു.