Ultimate magazine theme for WordPress.

ക്രൈസ്തവ സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കോട്ടയം: ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ ഈ വര്‍ഷത്തെ സമഗ്ര സംഭാവനക്കുള്ള വില്യംകേറി അവാര്‍ഡിന് ഇവാ.കെ.എ ഫിലിപ്പും, കെ.വി സൈമണ്‍ സാഹിത്യ അവാര്‍ഡിന് പാസ്റ്റര്‍ മനു ഫിലിപ്പും വി. നാഗല്‍ കീര്‍ത്തന അവാര്‍ഡിന് പാസ്റ്റര്‍ മത്തായി സാംകുട്ടിയും തിരഞ്ഞെടുക്കപ്പെട്ടു.

പത്തനംതിട്ട മൈലപ്ര സ്വദേശിയായ കെ.എ ഫിലിപ്പ് ആറര പതിറ്റാണ്ടായി വേദ അദ്ധ്യാപകന്‍, നിരൂപകന്‍, ചരിത്രകാരന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. എട്ട് ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ” മഹാനായ പൗലോസ”് എന്ന തന്‍റെ പുസ്തകം ക്രൈസ്തവ സമൂഹത്തില്‍ ഏറെ ശ്രദ്ധ നേടിയ ഗ്രന്ഥമാണ്.

എറണാകുളം പുത്തന്‍കുരിശ് സ്വദേശിയായ പാസ്റ്റര്‍ മനു ഫിലിപ്പ് എഴുത്തുകാരന്‍, ഗ്രന്ഥകാരന്‍, സംഘാടകന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന വ്യക്തിത്വമാണ്. “സമുദ്രത്തില്‍ തുറക്കപ്പെട്ട വിശാല വീഥികള്‍”, “തൊട്ടറിവോ കേട്ടറിവോ”, “നിഴലും പൊരുളും ഒരു സമഗ്ര വീക്ഷണം” തുടങ്ങി ആറു ഗ്രന്ഥങ്ങളുടെ രചയിതാവാണ്. രണ്ടു പുസ്തകങ്ങള്‍ പ്രസിദ്ധീകരണത്തിന് തയ്യാറായി വരുന്നു. 37 വര്‍ഷമായി അമേരിക്കയിലെ ഫ്ളോറിഡയില്‍ താമസിക്കുന്ന പാസ്റ്റര്‍ മനു ഫിലിപ്പ് ഐപിസി ഫാമിലി കോണ്‍ഫറന്‍സ്, പീസിനാക്ക് തുടങ്ങിയ പ്രധാന സമ്മേളനങ്ങളുടേയും നോര്‍ത്ത് അമേരിക്കന്‍ റൈറ്റേഴ്സ് ഫോറം ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പാസ്റ്റര്‍ മത്തായി സാംകുട്ടി ഭക്തകവി, ഗാനരചിയിതാവ്, പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. എന്‍റെ യേശു എനിക്ക് നല്ലവന്‍, കാല്‍വരിയില്‍ കാണും സ്നേഹം അത്ഭുതം, കൂരിരുള്‍ പാതയില്‍ ദീപമായ് എന്നു തുടങ്ങി 150 ല്‍ പരം ഗാനങ്ങളുടെ രചിയിതാവായ പാസ്റ്റര്‍ മത്തായി സാംകുട്ടി മലബാറിലെ ആദ്യകാല സുവിശേഷകനായ പന്തളം കൊച്ചുമത്തായിച്ചന്‍റെ മകനാണ്. തന്‍റെ ഗാനങ്ങളില്‍ അധികവും തീവ്രമായ ജീവിത അനുഭവങ്ങളില്‍ നിന്നും രചിക്കപ്പെട്ടവയാണ്.

അക്കാദമിയുടെ അവാര്‍ഡ് നിര്‍ണ്ണയ യോഗത്തില്‍ പ്രസിഡന്‍റ് ടോണി ഡി.ചെവ്വൂക്കാരന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സജി മത്തായി കാതേട്ട്, രക്ഷാധികാരി ഇവാ.ജെ.സി ദേവ്, വൈസ് പ്രസിഡന്‍റ് പാസ്റ്റര്‍ ബാബു ജോര്‍ജ്ജ് പത്തനാപുരം, ട്രഷറര്‍ ലിജോ വര്‍ഗ്ഗീസ് പാലമറ്റം, മീഡിയ കണ്‍വീനര്‍ സാം കൊണ്ടാഴി എന്നിവര്‍ പ്രസംഗിച്ചു.

Sharjah city AG
Leave A Reply

Your email address will not be published.