വിയറ്റ്നാം : വിയറ്റ്‌നാമിലെ ഡോങ് താപ് പ്രവിശ്യയിൽ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഓൺലൈനിലൂടെ പങ്കുവെച്ചതിന് നാല് കാവോ ദായ് മതനേതാക്കളെ അധികൃതർ അറസ്റ്റ് ചെയ്തു. മെയ് 12-നാണ് ട്രാൻ എൻഗോക് സൂങ്, എൻഗുയെൻ എൻഗോക് ഡീൻ, എൻഗുയെൻ ആൻ ഫംഗ്, ട്രാൻ താൻ ടുയറ്റ് എന്നിവർ പിടിയിലായത്. മതസ്വാതന്ത്ര്യ ലംഘനങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അഭിമുഖങ്ങൾ നൽകിയതും വീഡിയോകൾ പ്രചരിപ്പിച്ചതും വഴി സർക്കാർ നയങ്ങളെ തെറ്റായി ചിത്രീകരിച്ചു എന്നാണ് ഇവർക്കെതിരെയുള്ള ആരോപണം.
അറസ്റ്റിലായവരിൽ എൻഗുയെൻ ആൻ ഫംഗിനെയും ഭാര്യയെയും മെയ് 13-ന് വിട്ടയച്ചു. എന്നാൽ ട്രാൻ എൻഗോക് സൂങ്ങിനെതിരെ വിയറ്റ്‌നാം ശിക്ഷാനിയമത്തിലെ ആർട്ടിക്കിൾ 117 പ്രകാരം കുറ്റം ചുമത്തി തടവിലാക്കി. രാജ്യത്തിനെതിരെ വിവരങ്ങൾ പ്രചരിപ്പിച്ചു എന്ന കുറ്റമാണ് ഇദ്ദേഹത്തിന് മേൽ ചുമത്തിയിരിക്കുന്നത്. എൻഗുയെൻ എൻഗോക് ഡീനെതിരെ കുറ്റം ചുമത്തിയോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ബി.പി.എസ്.ഒ.എസ് (BPSOS) എന്ന മനുഷ്യാവകാശ സംഘടനയുടെ പ്രസിഡന്റുമായി ഇവർക്ക് ബന്ധമുണ്ടെന്നും അധികൃതർ ആരോപിക്കുന്നു.
വിയറ്റ്‌നാമിലെ മനുഷ്യാവകാശ സാഹചര്യങ്ങളെക്കുറിച്ച് സത്യം വിളിച്ചുപറഞ്ഞതിനാണ് ഇവരെ ലക്ഷ്യം വെച്ചതെന്ന് സി.എസ്.ഡബ്ല്യു (CSW) സി.ഇ.ഒ സ്കോട്ട് ബോവർ പറഞ്ഞു. അറസ്റ്റിലായവരെ ഉടനടി വിട്ടയക്കണമെന്നും മതവിഭാഗങ്ങളെ ഉപദ്രവിക്കുന്നത് വിയറ്റ്‌നാം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നവരെ തടവിലാക്കുന്നത് ആ രാജ്യത്ത് നടക്കാൻ പാടില്ലാത്ത എ വലിയ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിയറ്റ്‌നാമിലെ മതസ്വാതന്ത്ര്യത്തിന്റെ അവസ്ഥ ആഗോളതലത്തിൽ വീണ്ടും വലിയ ചർച്ചയാവുകയാണ്.

Comments are closed.