കുടിയേറ്റം തടയാൻ വിദേശ വിദ്യാർത്ഥികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ഋഷി സുനക് ; കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾ
വിദ്യാർഥികൾ തൽകാലത്തേക്കാണ് ബ്രിട്ടനിൽ കഴിയുന്നത്. അവരെ കുടിയേറ്റക്കാരായി കണക്കാക്കാനാവില്ലെന്നാണ് ഇവരുടെ വാദം
ലണ്ടൻ: രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ബ്രിട്ടനിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയ നെറ്റ് മൈഗ്രേഷൻ വിദേശ വിദ്യാർത്ഥികൾക്കെതിരെയുള്ള നടപടി പരിഗണിക്കുന്നതായി ബ്രിട്ടൻ പ്രധാനമന്ത്രി ഋഷി സുനിക് .
ഗുണനിലവാരമില്ലാത്ത ബിരുദവിദ്യാർഥികളുടെ വരവും ആശ്രിതരെ കൊണ്ടുവരുന്നതും നിയന്ത്രിക്കാൻ ഋഷി സുനക് ഭരണകൂടം ആലോചിക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫിസ് വക്താവിനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം ബ്രിട്ടനിലെ കുടിയേറ്റക്കാരുടെ എണ്ണം അഞ്ച് ലക്ഷത്തിലേറെ വർധിച്ചു. വരവും പോക്കും തട്ടിക്കിഴിച്ചുള്ള കുടിയേറ്റക്കാരുടെ വർധന 2021ൽ 1,73,000 ആയിരുന്നെങ്കിൽ ഈ വർഷം 5,04,000 ആയി. ഇതിൽ അധികവും ഇന്ത്യൻ വിദ്യാർഥികളാണ്. ആദ്യമായി എണ്ണത്തിൽ ഇന്ത്യക്കാർ ചൈനക്കാരെ മറികടന്നു. അതേസമയം, വിദേശ വിദ്യാർഥികളെ കുറയ്ക്കുന്നത് എളുപ്പമല്ല. ബ്രിട്ടനിലെ സർവകലാശാലകൾ വിദേശ വിദ്യാർഥികളിൽനിന്ന് കനത്ത ഫീസാണ് ഈടാക്കുന്നത്. ബ്രിട്ടീഷ് വിദ്യാർഥികൾക്ക് കുറഞ്ഞ നിരക്കിൽ സേവനം നൽകാൻ കഴിയുന്നത് ഇതുകൊണ്ടാണ്. വിദേശ വിദ്യാർഥികളെ ഒഴിവാക്കിയാൽ ചില സർവകലാശാലകളുടെ നിലനിൽപ് തന്നെ പ്രതിസന്ധിയിലാകും.
ഈ പശ്ചാത്തലത്തിൽ, രാജ്യത്തിന്റെ മൊത്തത്തിലുള്ള ഇമിഗ്രേഷൻ സ്ഥിതിവിവരക്കണക്കുകളിൽ നിന്ന് അന്താരാഷ്ട്ര വിദ്യാർത്ഥികളെ നീക്കം ചെയ്യണമെന്ന് ഇന്ത്യൻ ഡയസ്പോറയുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥി സംഘടന യുകെ സർക്കാരിനോട് അഭ്യർത്ഥിച്ചു. വിദ്യാർഥികൾ തൽകാലത്തേക്കാണ് ബ്രിട്ടനിൽ കഴിയുന്നത്. അവരെ കുടിയേറ്റക്കാരായി കണക്കാക്കാനാവില്ലെന്നാണ് ഇവരുടെ വാദം.
