മതപരിവർത്തനം ആരോപിച്ചു ബൈബിൾ കത്തിച്ചു
മംഗളൂരു : ചിത്രദ്രുഗ ജില്ലയിലെ മല്ലേനു ഗ്രാമത്തില്‍ എങ്കതമ്മ എന്ന അറുപത്തിരണ്ടു വയസുകാരിയായ സ്ത്രീയുടെ വീട്ടിൽ, കാവിയണിഞ്ഞ ഒരു സംഘം അതിക്രമിച്ച് കയറി, പ്രാര്‍ത്ഥന തടസപ്പെടുത്തുകയും, മതപരിവര്‍ത്തനം ആരോപിച്ച് വീട്ടുടമസ്ഥയെ ഭീഷണിപ്പെടുത്തുകയും ബൈബിള്‍ കത്തിക്കുകയും ചെയ്തു. സംഭവത്തില്‍ പരാതിയില്ലാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല. ചില സഹോദരിമാർ ഈ ഭവനത്തിൽ പ്രാര്‍ത്ഥന നടത്തുന്നതിനിടെയാണ് സംഭവം. പ്രാര്‍ത്ഥിക്കാനെത്തിയ രണ്ട് സ്ത്രീകളെ ഇവര്‍ ബലം പ്രയോഗിച്ച് ഇറക്കിവിട്ടു.‘ഗ്രാമത്തില്‍ ഏതെങ്കിലും ക്രിസ്ത്യന്‍ പുരോഹിതന് വന്നാല്‍ അവരെ കൊല്ലുമെന്നും, പ്രാര്‍ത്ഥനയുടെ പേരില്‍ അയല്‍ക്കാരെ വീട്ടിലേക്ക് വിളിച്ച് മതപരിവര്‍ത്തനം നടത്തരുത്’ എന്നും എങ്കതമ്മയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തു വിട്ടിട്ടുണ്ട്. തര്‍ക്കത്തിനിടെ ബൈബിള്‍ പിടിച്ചുവാങ്ങി വീടിന് മുന്നിലിട്ട് കത്തിക്കുകയും ചെയ്തു. “എങ്കതമ്മക്ക് സുഖമില്ലാത്തതിനാല്‍ ഹിരിയൂരിലെ ഒരു പള്ളിയില്‍ പോയിരുന്നു. തുടര്‍ന്ന് ചില വിശ്വാസികൾ ഏങ്കതമ്മയുടെ വീട്ടില്‍വന്നു വൈകുന്നേരം പ്രാര്‍ത്ഥന നടത്തി. അന്ന് അക്രമസംഘം വീട്ടിൽ വന്നു ഭീഷണിപ്പെടുത്തുകയും വീട്ടില്‍ പ്രാര്‍ത്ഥന നടത്തുന്നത് എന്തിനാണ് എന്ന് ചോദിക്കുകയും ചെയ്തു’-ചിത്രദുര്‍ഗ എസ്.പി പരശുരാമന് പറഞ്ഞു. ആക്രമണത്തിന്റെ പേരിൽ പരാതി ലഭിച്ചിട്ടില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
