ദൈവവിശ്വാസം ഓരോരുത്തരുടെയും മനസിലാണ്, പൊതുചടങ്ങില്‍ ഈശ്വര പ്രാര്‍ത്ഥന വേണ്ട; വിഷയം നിയമസഭയില്‍ ഉന്നയിക്കും: എം.എല്‍.എ. പി.വി. അന്‍വര്‍
മഞ്ചേരി: പൊതുചടങ്ങില്‍ നിന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലുളള ഈശ്വര പ്രാര്‍ത്ഥന ഒഴിവാക്കണമെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഞ്ചേരിയിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രായാധിക്യം കാരണം എണീറ്റുനില്‍ക്കാന്‍ പറ്റാത്തവരെ പ്രാര്‍ഥനയ്ക്കായി മിനിട്ടുകള്‍ എഴുന്നേല്‍പിച്ച് നിര്‍ത്തി ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ കെ.രാജന്‍, വി അബ്ദുറഹിമാന്‍ എന്നിവര്‍ വേദിയില്‍ ഇരിക്കുമ്പോഴായിരുന്നു അന്‍വറിന്റെ പ്രസ്താവന. ദൈവവിശ്വാസം ഓരോരുത്തരുടെയും മനസിലാണ്. ഈശ്വരവിശ്വാസികളും അല്ലാത്തവരും ഈ ചടങ്ങിലുണ്ട്. പ്രാര്‍ഥന പോലുളള അനാവശ്യ ചടങ്ങുകള്‍ ഒഴിവാക്കികൂടെയെന്നും അദ്ദേഹം ചോദിച്ചു. പൊതുപരിപാടികളില്‍ നിന്നും പ്രാര്‍ത്ഥന ഒഴിവാക്കുന്ന കാര്യം നിയമസഭയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
