ന്യൂഡൽഹി : വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയക്കുന്ന വ്യക്തികൾക്ക് കേന്ദ്രവ്യോമയാന മന്ത്രാലയം ഒരു ലക്ഷം രൂപ പിഴ ചുമത്തും. ഇതിനായി 2023 ലെ വിമാനസുരക്ഷാചട്ടം കേന്ദ്രവ്യോമയാന മന്ത്രാലയം ഭേദഗതി ചെയ്തു.
2023 ലെ സുരക്ഷാചട്ടത്തിൽ നിഷ്‌കർഷിക്കുന്ന ഏറ്റവും ഉയർന്ന ശിക്ഷ ആണ് വ്യാജ ഭീഷണികൾക്കും ഭേദഗതിയിലൂടെ ഉറപ്പാക്കിയിരിക്കുന്നത്. ഈ കുറ്റത്തിന് വ്യക്തികൾക്ക് ഒരു ലക്ഷം രൂപയാണ് പിഴയെങ്കിൽ, സ്ഥാപനങ്ങൾക്ക് 50 ലക്ഷം രൂപ (150 ജീവനക്കാർ വരെ), 75 ലക്ഷം രൂപ (150-300 ജീവനക്കാർ), ഒരു കോടി രൂപ (300 ജീവനക്കാർക്ക് മുകളിൽ) എന്നിങ്ങനെയാണ് പിഴ. വ്യാജ ഭീഷണി തടയാനായി ’30 എ’ എന്ന പുതിയ വകുപ്പാണ് ചേർത്തിരിക്കുന്നത്. വ്യോമയാന ഡയറക്‌ടറേറ്റ് ജനറലിന് സുരക്ഷാകാരണങ്ങൾ മുൻനിർത്തി വ്യക്‌തികളുടെയോ ഒരു കുട്ടം ആളുകളെയോ വിമാനയാത്രയിൽ നിന്ന് വിലക്കാം. വിമാനത്തിൽ കയറിയവരോട് ഇറങ്ങാനും ആവശ്യപ്പെടാം. ഇതിന് വിസ്സമ്മതിക്കുന്നതും കുറ്റകൃത്യമാണ്, ഒരു ലക്ഷം രൂപ പിഴ ഈടാക്കാം.
