വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റൈന്‍ വേണ്ട
അബുദാബി: യു.എ.ഇയില്‍ സിനോഫാം വാക്‌സിന്‍ രണ്ട് ഡോസ് എടുത്തവര്‍ക്കും വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കാളികളായവര്‍ക്കും വിദേശത്തുപോയി മടങ്ങിവന്നാല്‍ ക്വാറന്റൈന്‍ വേണ്ടെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഇവര്‍ രാജ്യത്തെത്തിയാല്‍ പി.സി.ആര്‍ ടെസ്റ്റിനു വിധേയമാകണം. ഇവരോടൊപ്പമുള്ള 12 മുതല്‍ 17 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ഗ്രീന്‍ പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്നുള്ള 18 വയസ്സിനു താഴെയുള്ളവര്‍ക്ക് പി.സി.ആര്‍ ടെസ്റ്റ്, ക്വാറന്റൈന്‍ നിയമങ്ങള്‍ പരിഷ്‌കരിച്ചു. 12 വയസ്സിനു താഴെയുള്ളവര്‍ക്കു വിമാനത്താവളത്തിലെ പി.സി.ആര്‍ പരിശോധനയും 10 ദിവസത്തെ ക്വാറന്റൈനും സ്മാര്‍ട് വാച്ചും വേണ്ട. 12 മുതല്‍ 17 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് ക്വാറന്റൈന്‍ വേണ്ടെങ്കിലും മുതിര്‍ന്നവരെ പോലെ രാജ്യത്ത് എത്തി 6, 12 ദിവസങ്ങളില്‍ പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം.
ചൈന, ഹോങ്കോങ്, ഐല്‍ ഓഫ് മാന്‍, മക്കാകൊ, മൊറീഷ്യസ്, മംഗോളിയ, ന്യൂ കലഡോണിയ, ന്യൂസീലന്‍ഡ്, സാ ന്തോം ആന്‍ഡ് പ്രിന്‍സിപ്പി, സെന്റ് കിറ്റ്‌സ് ആന്‍ഡ് നൊവിസ്, തയ്‌പെയ്, തായ്ലന്‍ഡ്, കുവൈത്ത്, ഒമാന്‍, സൗദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യക്കാരാണ് ഗ്രീന്‍ പട്ടികയിലുള്ളത്.
ഈ രാജ്യക്കാര്‍ക്കു യു.എ.ഇയിലെത്തിയാല്‍ ക്വാറന്റൈന്‍ വേണ്ട. എന്നാല്‍ യാത്രയ്ക്ക് 96 മണിക്കൂറിനകം എടുത്ത പി.സി.ആര്‍ ടെസ്റ്റ് നിര്‍ബന്ധം. പ്രവേശന കവാടത്തില്‍ പി.സി.ആര്‍ പരിശോധനയുണ്ടാകും. അതേസമയം, വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് യാത്രയ്ക്കു 96 മണിക്കൂറിനകം എടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. വിമാനത്താവളത്തില്‍ എത്തിയാല്‍ വീണ്ടും പി.സി.ആര്‍ പരിശോധനയുണ്ടാകും. നെഗറ്റീവ് ഫലം ലഭിക്കുന്നതുവരെ സ്വയം നിരീക്ഷണത്തില്‍ കഴിയണം. ഗ്രീന്‍പട്ടികയില്‍ ഇല്ലാത്ത ഇന്ത്യ ഉള്‍പ്പെടെ മറ്റു രാജ്യക്കാര്‍ക്ക് അബുദാബിയിലേക്കു വരാന്‍ ഐ.സി.എ ഗ്രീന്‍ സിഗ്‌നല്‍ നിര്‍ബന്ധം. അബുദാബിയില്‍ 10 ദിവസം ക്വാറന്റൈനുണ്ടാകും.
കൂടാതെ തുടര്‍ച്ചയായി അബുദാബിയില്‍ തങ്ങുന്നവര്‍ 6, 12 ദിവസങ്ങളില്‍ പി.സി.ആര്‍ ടെസ്റ്റ് എടുക്കണം. 12-17 വയസ്സിനിടയിലുള്ള കുട്ടികള്‍ക്കും ഇതു ബാധകം. 12നു താഴെയുള്ളവര്‍ക്കു പി.സി.ആര്‍ ടെസ്റ്റ് വേണ്ട. 10 ദിവസത്തെ ക്വാറന്റൈന്‍ വേണം.
