ന്യൂസിലൻഡ് പോലീസ് സേനയിൽ ചേരുന്ന ആദ്യ മലയാളി വനിത അലീന അഭിലാഷ്
കോട്ടയം: ന്യൂസിലൻഡ് പോലീസ് സേനയിൽ ചേരുന്ന ആദ്യ മലയാളി വനിതയായി അലീന അഭിലാഷ്. പാലായ്ക്ക് സമീപം ഉള്ളനാട് സ്വദേശിനി 22കാരി അലീന, അഭിലാഷ് സെബാസ്റ്റ്യൻ ബോബി അഭിലാഷ് ദമ്പതികളുടെ മകളാണ്. അലീനയെ ന്യൂസിലൻഡ് പോലീസ് സേനയുടെ കീഴിലുള്ള ആദ്യ തസ്തികയായ കോൺസ്റ്റബിൾ റാങ്കിലാണ് നിയമിച്ചിരിക്കുന്നത്. ഓക്ക്‌ലൻഡിൽ ആണ് പോസ്റ്റിംഗ് ലഭിച്ചിരിക്കുന്നത്. ആറാം ക്ലാസ് വരെ പാലായിൽ സ്‌കൂൾ വിദ്യാഭ്യാസം നടത്തിയ അലീന മാതാപിതാക്കളോടൊപ്പം ന്യൂസിലൻഡിലേക്ക് കുടിയേറി.ന്യൂസിലാൻഡിൽ നിന്ന് ഔപചാരിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, ഒട്ടാഗോ സർവകലാശാലയിൽ നിന്ന് മനഃശാസ്ത്രവും ക്രിമിനോളജിയും പഠിച്ചു. തുടർന്ന് റോയൽ ന്യൂസിലൻഡ് പോലീസ് കോളേജിൽ പോലീസ് പരിശീലനത്തിന് ചേരുകയും അവിടെ നിന്ന് ബിരുദം നേടുകയും ചെയ്തു. സാമൂഹിക പ്രതിബദ്ധതയും ദുരിതബാധിതരെ സഹായിക്കാനുള്ള താൽപര്യവുമാണ് തന്നെ പോലീസ് ജോലിയിൽ എത്തിച്ചതെന്ന് അലീന പറയുന്നു.ആൽബി അഭിലാഷ് അണ് സഹേദരൻ. വെല്ലിംഗ്ടണിലെ വിക്ടോറിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയാണ് ആൽബി. പാമർസ്റ്റൺ നോർത്തിൽ സ്ഥിരതാമസക്കാരാണ് അലീനയും കുടുംബവും.
